തീരസദസ്സ്: ഉദുമയിലെ തീരദേശവാസികളുടെ കണ്ണീരൊപ്പി മന്ത്രി സജി ചെറിയാൻ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തീരദേശ മേഖലകളിലെ ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി നടപടികൾ സ്വീകരിക്കാനും ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാസർകോഡ് ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിൽ സംഘടിപ്പിച്ച തീരസദസ്സ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലകളിൽ ഏഴ് വർഷക്കാലത്തെ സർക്കാരിന്റെ ഇടപെടലുകളിൽ വൻ തോതിലുള്ള വികസന മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടന്നും ഇനിയുള്ള മൂന്നുവർഷത്തെ കാലയളവിൽ മുഴുവൻ മത്സ തൊഴിലാളികളുടെയും കണ്ണീരൊപ്പുമെന്ന് മന്ത്രി പറഞ്ഞു.

മത്സ്യതൊഴിലാളികൾ പരമ്പരാഗത തൊഴിലിൽ മാത്രം ഒതുങ്ങി പോവാതെ വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകണമെന്നന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയുള്ള മാറ്റം ലോകത്തെ അറിയാൻ അവരെ പ്രാപ്തരാകും എന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ സൗജന്യമായി സർക്കാർ പഠിപ്പിക്കും. ഫിഷറീസ് കോളജുകളിൽ 20 ശതമാനം സംവരണവും മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് സൗജന്യമായി നൽകുന്നത്. പഠിച്ചു കഴിഞ്ഞാൽ തൊഴിൽ നൽകാനും സർക്കാർ തയ്യാറാണ്. മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികളുടെ വീട്ടിൽ മറ്റൊരു തൊഴിൽ കുടി സാധ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ നമ്പർ വൺ തലമുറയായിരിക്കും തീരദേശത്തിന്റെ സന്തതികൾ എന്നും മന്ത്രി പറഞ്ഞു. കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ നിർബന്ധമായും ഇൻഷുറൻസ് എടുക്കണമെന്നും കടലിൽ പോകുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

തീരദേശ മേഖലയുടെയും മത്സ്യതൊഴിലാളി കളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്ത് പരിഹാരങ്ങൾ നിർദ്ദേശിച്ചു കൊണ്ടുള്ള സമഗ്രമായ ഒരു പരിപാടി എന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തത്. ഓരോ തീരസദസ്സിന്റെ മുന്നോടിയായി പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്തു. തീരസദസ്സിൽ ഉടനടി പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ അവിടെ വച്ച് തന്നെ പരിഹാരം കാണുകയും പരാതികൾ നിർദ്ദേശങ്ങൾ എന്നിവ സ്വീകരിക്കുകയും ആനുകൂല്യങ്ങളുടെ വിതരണം എന്നിവയുമാണ് നടത്തിയത്. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി സർക്കാർ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളും ഇടപെടലുകളും പ്രസ്തുത പരിപാടിയിൽ വിശദീകരിച്ചു. ഇതോടൊപ്പം തന്നെ തീരദേശമേഖലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പ്രതിഭകളെയും ആദരിച്ചു.

മത്സ്യതൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങൾ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് വേണ്ടി നാഷണൽ ഇൻഫർമാറ്റിക് സെന്റർ മുഖേന നിയന്ത്രിക്കുന്ന സുതാര്യവും, ഗുണഭോക്തൃ സൗഹൃദവുമായ എഫ്.ഐ.എം.എസ് പോർട്ടൽ മുഖേനയാണ് തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളിൽ നിന്നും പരാതികൾ സ്വീകരിച്ചത്.

ഉദുമ മണ്ഡലത്തിൽ ലഭിച്ചിട്ടുള്ള 166 അപേക്ഷകളും, ഫിഷറീസ് ഓഫീസിൽ നേരിൽ ലഭിച്ച 2 അപേക്ഷകളും ചേർത്ത് ആകെ 168 അപേക്ഷകളാണ് ലഭിച്ചത്. ആയതിൽ ഫിഷറീസ് വകുപ്പും അനുബന്ധസ്ഥാപനങ്ങളും ഉൾപ്പെടെ ഏതാനും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 81 അപേക്ഷകളിന്മേൽ അദാലത്തിൽ തീർപ്പു കല്പിക്കുകയുണ്ടായി. അവശേഷിക്കുന്ന 87 അപേക്ഷകൾ തീർപ്പാക്കുന്നതിനായി വിവിധ വകുപ്പുകളുടെ പരിഗണനയിലാണ്.

 

മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നും വിദ്യാഭ്യാസ, കായിക, തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയ 32 പേരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി വിവാഹധനസഹായമായി 30 പേർക് 10000 രൂപ വിതം ആകെ 3,00,000 രൂപയും, മരണാനന്തര ധനസഹായമായി 5 പേർക്ക് 75000 രൂപയും, സാഫ് തീരദേശ ആക്ടിവിറ്റി ഗ്രൂപ്പുകൾക്ക് യൂണിറ്റിന് ആദ്യവായി 2,85,825 രൂപയും, മത്സ്യ കച്ചവടം ചെയ്യുന്ന സ്ത്രീകൾക്ക് റിവോൾവിങ് ഫണ്ട് ആയി 1,00,000 രൂപയും ചേർത്ത് ആകെ 7,60,825/- തീരസദസിന്റെ വേദിയിൽ വെച്ച് വിതരണം ചെയ്തു. ചടങ്ങിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ കെ. ഇംബശേഖർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സബ് കളക്ടർ സൂഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply