ടാക്‌സ് കൊടുക്കേണ്ട , കണക്ക് കൊടുക്കേണ്ട കിട്ടുന്നത് വൈറ്റ് ; കെ വി തോമസിന് ലോട്ടറി

കെ വി തോമസിന് ലോട്ടറിയടിച്ചു , ഒരു ടാക്‌സും കൊടുക്കണ്ടാ , ഒരു ചിലവും ചെയ്യണ്ടാ മാസം തോറും ഒരു ലക്ഷം രൂപ കയ്യിലെത്തും . അതും വൈറ്റ് . സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ തിരുത തോമാച്ചന് ഇതിൽ കൂടുതൽ എന്ത് സഹായമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തു കൊടുക്കേണ്ടത് ?

തിരുത തോമസിനെ സർക്കാർ പ്രതിനിധിയായി നിയമിച്ചത് കഴിഞ്ഞ ജനുവരിയിലായിരുന്നു. കാബിനറ്റ് പദവിയിലാണ് നിയമിച്ചത് . ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചാൽ മതിയെന്നായിരുന്നു തോമാച്ചന്റെ ആവശ്യം .

ഈ ആവശ്യമാണ് പിണറായി സാധിച്ചുകൊടുത്തത് , രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെയും തോമാച്ചന് നൽകി . അതുപോലെ വിമാനയാത്ര നിരക്ക് , കുറവുള്ള ക്ലാസുകളിൽ മതിയെന്ന് തോമാച്ചൻ അറിയിച്ചിട്ടുണ്ടായിരുന്നു.  മുമ്പ് എ. സമ്പത്തിനെ നിയമിച്ചതു പോലെ തന്നെയാണ് തിരുത തോമാച്ചനെയും നിയമിച്ചത്.

ഭരണ- ഉദ്യോഗസ്ഥ തലങ്ങളിൽ വിപുലമായ ബന്ധമുള്ള തിരുതയുടെ സാന്നിധ്യം കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് സർക്കാറിന്റെ അവകാശ വാദം. ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ പ്രതിനിധിയാണ് തിരുത തോമാച്ചൻ

2021 സെപ്റ്റംബർ 15ന് നെതർലൻഡ്സ് മുൻ അംബാസഡർ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടിയായി നിയമിച്ചിരുന്നു. 2022 സെപ്റ്റംബർ 17ന് സേവന കാലാവധി ഒരു വർഷത്തേക്ക് നീട്ടി നൽകുകയും ചെയ്തു. ആദ്യമായാണ് സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികൾ കാബിനറ്റ് പദവിയിൽ എത്തിയത്.

കേന്ദ്രമന്ത്രി, എംപി എന്നീ നിലകളിൽ ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച തിരുതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്ത ബന്ധമാണുള്ളത്.

കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനുള്ള പ്രത്യുപകാരം കൂടിയായിരുന്നു തിരുതയുടെ ഈ നിയമനം. സിപിഎമ്മിനോട് അടുത്ത കെ വി തോമസ് രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലായെന്ന കോൺഗ്രസ് ആക്ഷേപത്തിന് മറുപടിയായിരുന്നു ക്യാബിനറ്റ് റാങ്കോട് കൂടിയുള്ള പ്രത്യേക പദവി.

Leave A Reply