ഹാജിമാരുടെ യാത്രയിൽ കരുതേണ്ടവസ്തുക്കളുടെ കൂടുതൽ വിവരങ്ങൾ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. 60,000 റിയാലിൽ കവിയാത്ത പണമടക്കമുള്ള വസ്തുക്കൾ മാത്രമേ കൊണ്ടുവരാനും കൊണ്ടുപോകുവാനും അനുമതിയുള്ളൂ എന്ന് മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. അതിനുപുറമെയാണ് കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ സൗദിയിലേക്ക് വരുമ്പോഴും പോകുമ്പോഴുമെല്ലാം കസ്റ്റംസ് ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതുണ്ട്. 60,000 റിയാലിൽ കൂടുതലുള്ള പ്രാദേശിക-വിദേശ കറൻസികൾ കൈവശംവെക്കുക, 60,000 റിയാൽവരെ വിലയുള്ള സ്വർണക്കട്ടികളോ ആഭരണങ്ങളോ കൈവശംവെക്കുക, ഇറക്കുമതി-കയറ്റുമതി നിരോധിത പുരാവസ്തുക്കളും മറ്റും കൊണ്ടുപോവുക, വാണിജ്യാടിസ്ഥാനത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുക, 3000 റിയാലിൽ കൂടുതൽ മൂല്യമുള്ള തിരഞ്ഞെടുത്ത നികുതിക്ക് വിധേയമായ ചരക്കുകൾ കൊണ്ടുപോകുക എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.