തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വി എസ് ശിവകുമാറിന് ഷെയറുണ്ടോ ?

അനധികൃത സ്വത്തുസമ്പാദന കേസിൽ വി എസ് ശിവകുമാറിനെതിരെ ഇഡി അന്വേഷണം കടുപ്പിക്കുന്നു  . ശിവകുമാറിനെ കൂടാതെ മന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന എം രാജേന്ദ്രൻ, എൻ എസ് ഹരികുമാർ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തുന്നുണ്ട് .

2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷിക്കുന്നത് . തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകുവാൻ ശിവകുമാറിന് ഇഡി നോട്ടീസ് നൽകി .

കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.  എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട് . ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിടുന്നത്.

സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്‌ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്.

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ശിവകുമാറിനെതിരെ കടുത്ത ആരോപണങ്ങളുയർന്നിരുന്നു . സ്വന്തം പാർട്ടിക്കാരുടെ പോലും ട്രാൻസ്ഫർ പോലുള്ള ആവശ്യവുമായി മന്ത്രിയുടെ അടുത്ത് ചെന്നാൽ അതിന് പണം വാങ്ങുന്നു വന്നൊരു ആക്ഷേപം അന്നുണ്ടായിരുന്നു .

ശിവകുമാർ മന്ത്രിയായിരുന്ന കാലയളവിൽ തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ ആരോപണം ഈ ആശുപത്രി നിഷേധിച്ചു .  ശിവകുമാറിന്റെയും മറ്റുള്ളവരുടെയും  വീടുകളിൽ നേരത്തെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.

ആരോഗ്യ – ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ വിവരങ്ങളാണ് വിജിലൻസും അന്വേഷിക്കുന്നത്. 2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്.

വഴുതക്കാട് സ്വദേശിയുടെ പേരിൽ വന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും പരാതിക്കാരെ കണ്ടെത്താനോ മൊഴിയെടുക്കാനോ വിജിലൻസിന് സാധിച്ചില്ല , പക്ഷെ ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകി. ശിവകുമാറിന്റെ അടുപ്പക്കാരുടൈ സ്വത്തിൽ വർദ്ധനയുണ്ടായെന്നും വിജിലൻസ് കണ്ടെത്തി .

ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളാണ് . ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിലുണ്ട് .

ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും  ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിശദാംശങ്ങൾ വിജിലൻസ് ശേഖരിച്ചു. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീടും, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ ഓഫീസ് പണിയാനായി വാങ്ങിയ ഭൂമിയെ കുറിച്ചും അന്വേഷണം നടത്തി.

Leave A Reply