രാജ്യത്തെ ഗോതമ്പ്, ഗോതമ്പ് ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി നിരോധനം ഈ വർഷവും തുടരും. ഗോതമ്പ് ഉത്പാദനം കുറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് കയറ്റുമതി നിരോധനം നിലവിൽ വന്നത്.
രാജ്യം ഒരു പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യമല്ലെന്നും മിച്ചം വരുന്ന സാഹചര്യങ്ങളിൽ മാത്രമാണ് കയറ്റുമതി നടത്തുന്നതെന്നും ഭക്ഷ്യവകുപ്പ് അഡീഷണൽ സെക്രട്ടറി സുബോധ് കെ സിംഗ് പറഞ്ഞു. അതിനാൽ തന്നെ ഗോതമ്പ് കയറ്റുമതി അനുവദിക്കാനാവില്ലെന്ന് അദ്ുേഹം വ്യക്തമാക്കി.
മൊത്തവില നിയന്ത്രണത്തിന് ഗോതമ്പ് സംഭരണം ഏറെ നിർണായകമാണ്. എന്നാൽ വില വർദ്ധിക്കുമ്പോഴും 34 ദശലക്ഷം ടൺ എന്ന ലക്ഷ്യത്തേക്കാൾ വളരെ താഴെയാണ് സംഭരണം.
പൊതുമേഖലയിൽ ഗോതമ്പ് വാങ്ങുന്ന ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എഫ്.സി.ഐ) സംഭരണം നിലവിൽ 26.14 ദശലക്ഷം ടണ്ണാണ്. സർക്കാർ സംഭരണവും വിളവെടുപ്പ് കാലവും അവസാനിക്കുമ്പോഴേക്കും 27 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ.