‘വിദ്യാർഥി വിസയുടെ മറവിലൂടെ കുടിയേറ്റം’; വിസാ നിയമം പരിഷ്‌കരിച്ച് യു.കെ, ഇനി നമ്മൾ എന്ത് ചെയ്യും മല്ലയയെന്ന് യുവാക്കൾ….!

ലണ്ടൻ: വിദ്യാർഥി വിസയുടെ മറവിൽ ജോലി തരപ്പെടുത്തുന്നതും കുടിയേറ്റം നടത്തുന്നതും വ്യാപകമായതോടെ വിസാ നിയമം പരിഷ്‌കരിച്ച് യു.കെ. വിദ്യാർഥികൾ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും ജോലിയിലേക്ക് മാറുന്നതിനുമാണ് ഋഷി സുനക് ഭരണകൂടം പുതിയ നിയമത്തിലൂടെ നിയന്ത്രണമേർപ്പെടുത്തിയത്.

റിസർച്ച് പ്രോഗ്രാമായുള്ള ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ കുടുംബാംഗങ്ങളെ കൊണ്ടുവരാനാകൂ. റിസർച്ച് കോഴ്‌സല്ലാത്തവ പഠിക്കുന്നവർക്ക് പങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവരടക്കം ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനാകില്ല.

കഴിഞ്ഞ വർഷം വിദേശ വിദ്യാർഥികളുടെ ആശ്രിതർക്ക് 1,35,788 വിസകൾ അനുവദിച്ചതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയിരുന്നു. ഇത് 2019 ലെ കണക്കിന്റെ ഒമ്പതിരട്ടിയാണ്. ഇങ്ങനെ കുടിയേറ്റം വർധിക്കുന്ന സാഹചര്യ ഇവ കുറയ്ക്കാൻ പുതിയ നടപടികൾ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

‘കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന വിദ്യാർഥികളുടെ ഗണ്യമായ വർദ്ധനവ് പൊതു സേവനങ്ങളിൽ താങ്ങാനാവാത്ത സമ്മർദ്ദം ചെലുത്തുന്നു’ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ട്വിറ്ററിൽ പറഞ്ഞു. വിദ്യാർഥി റൂട്ട് തൊഴിൽ കണ്ടെത്താനുള്ള മാർഗമായി ഉപയോഗിക്കുന്നത് തടയാൻ പുതിയ നിയമത്തിലൂടെ കഴിയുമെന്നും അവർ പറഞ്ഞു.

പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് വിദേശ വിദ്യാർഥികൾ തൊഴിൽ വിസയിലേക്ക് മാറുന്നത് തടയാനും ഇത്തരം രീതിയിൽ ബ്രിട്ടനിൽ കുടിയേറാൻ സഹായിക്കുന്ന വിദ്യാഭ്യാസ ഏജന്റുമാർക്കെതിരായ നടപടി ശക്തമാക്കാനും നിയമത്തിലൂടെ ലക്ഷ്യമിടുന്നു. അതേസമയം, വിദ്യാർഥികൾക്ക് പഠനത്തിന് ശേഷം തൊഴിൽ പരിചയം നേടുന്നതിന് യുകെയിൽ തുടരാൻ അനുവദിക്കുന്ന ഗ്രാജ്വേറ്റ് റൂട്ടിന്റെ നിബന്ധനകൾ മാറ്റമില്ലാതെ തുടരുമെന്ന് ബ്രാവർമാൻ വ്യക്തമാക്കി.

Leave A Reply