കര്‍ണാടക മന്ത്രിസഭയിലെ പത്തില്‍ ഒമ്പതു പേരും ക്രിമിനല്‍ കേസ് പ്രതികൾ

കര്‍ണാടകയിലെ പുതിയ മന്ത്രിസഭയിലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ഒരാള്‍ ഒഴികെ മറ്റെല്ലാവരും ക്രിമിനല്‍ കേസുകളിലെ പ്രതികളെന്നു കണ്ടെത്തി . ശനിയാഴ്ച അധികാരമേറ്റ 10 അംഗ മന്ത്രിസഭയില്‍ 4പേര്‍ ഗുരുത ക്രിമിനല്‍ കേസുകളില്‍ പ്രതികളാണന്നും ഇലക്ഷന്‍ വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജിനെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ലഭിക്കാത്തത് .

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണു സന്നദ്ധ സംഘടനയായ ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം 9 മന്ത്രിമാരും ക്രമിനല്‍ കേസുകളില്‍ പ്രതികളാണ്.

ഇതില്‍ തന്നെ നാലുപേര്‍ ഗുരുതര കേസുകളില്‍ പ്രതിപ്പട്ടികയിലുള്ളവരാണ്. മറ്റുള്ളവര്‍ അഴിമതിയടക്കമുള്ള അന്വേഷണങ്ങളാണു നേരിടുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയിലെ ധനാഢ്യന്‍.1413  കോടിയാണ് ശിവകുമാറിന്റെ വെളിപ്പെടുത്തിയ ആസ്തി.

മന്ത്രിമാരുടെ ശരാശരി സമ്പത്ത് 229 കോടി വീതമാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുൻ  ഖാര്‍ഗെയുടെ മകന്‍ പ്രിയാങ്ക് ഖാര്‍ഗെയാണു മന്ത്രിസഭയിലെ ദരിദ്രാംഗം.16  കോടി ആണ് പ്രിയാങ്കിന്റെ സമ്പത്ത്. കടത്തിലും ഡി.കെ. ശിവകുമാര്‍ തന്നെയാണു മുന്‍പില്‍. 265 കോടിയാണു കടം. പി.എച്ച്.ഡിക്കാരനായ  കെ.എച്ച് മുനിയപ്പയാണു മന്ത്രിയസഭയിലെ ഉയര്‍ന്ന വിദ്യാസമ്പന്നന്‍.

മലയാളിയായ മന്ത്രി കെ.ജെ.ജോര്‍ജിന്റെ വിവരങ്ങള്‍ സംഘടന പുറത്തുവിട്ടിട്ടില്ല. ജോര്‍ജ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്തതുകൊണ്ടെന്നാണ് ലഭിക്കുന്ന വിവരം .

ബാക്കി മന്ത്രിമാർ നിയമസഭാ സമ്മേളനം കഴിഞ്ഞു വരുന്ന ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം . അതിനായിട്ടുള്ള ചർച്ചകൾക്ക് സിദ്ധരാമയ്യയും ശിവകുമാറും ഞായറാഴ്ച ഡൽഹിയ്ക്ക് പോകും .

ആദ്യത്തെ പോലെ തന്നെ ഡൽഹി കേന്ദ്രീകരിച്ച്‌ നീണ്ട മാരത്തൺ ചർച്ചകൾ നടത്തിയെങ്കിലേ മറ്റുമന്ത്രിമാരുടെ ലിസ്റ്റ് പൂർത്തിയാക്കാൻ പറ്റുകയുള്ളു . ശിവകുമാറിനും സിദ്ധരാമയ്യയ്ക്കും പ്രത്യേകം പ്രത്യേകം ലിസ്റ്റുകളുണ്ട് . അപ്പോൾ തന്നെ മനസ്സിലാക്കാം തർക്കങ്ങളും ചർച്ചകളും എത്രവരെ പോകുമെന്ന് .

ഇവിടുത്തെ കോൺഗ്രസ്‌ ‘സ്‌നേഹക്കട’ വളരെ വേഗത്തിലാണ്‌ വെറുപ്പിന്റെയും വിശ്വാസമില്ലായ്‌മയുടെയും ഇടമായത്‌. ഇത്‌ കർണാടകത്തിലെ മാത്രം കോൺഗ്രസിന്റെ കഥയല്ല. രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും ഹിമാചലിലും പഞ്ചാബിലും കേരളത്തിലുമെല്ലാം സ്ഥിതി സമാനമാണ് .

ഐക്യത്തിലും യോജിപ്പിലും നീങ്ങുന്ന നേതൃത്വം എങ്ങും കോൺഗ്രസിനില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾമാത്രം ശേഷിക്കുന്ന രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും മുൻഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തുറന്ന പോരിലാണ്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടകത്തിന്‌ സമാനമായി നേതാക്കൾ ധാരണയിൽ നീങ്ങിയ സംസ്ഥാനമാണ്‌ രാജസ്ഥാൻ. രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും അടി പൊട്ടി. 18 എംഎൽഎമാരുമായി സച്ചിൻ ഹരിയാനയിലെ റിസോർട്ടിലേക്ക്‌ മാറിയതോടെ സർക്കാരിന്റെ ഭാവി തുലാസിലായി.

ഏറെ പണിപ്പെട്ടാണ്‌ സച്ചിനെ തിരികെയെത്തിച്ചത്‌. വീണ്ടും തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കൽ എത്തുമ്പോൾ  സച്ചിൻ–- ഗെലോട്ട്‌ പോര് മൂക്കുകയാണ് .ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനമായ ഛത്തീസ്‌ഗഢിലും കഥയിൽ മാറ്റമില്ല. ഇവിടെ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗേലും മുതിർന്ന നേതാവും മന്ത്രിയുമായ ടി എസ്‌ സിങ്‌ ദേവുമാണ്‌ ഏറ്റുമുട്ടുന്നത്‌.

കർണാടകത്തിലേതുപോലെ മുഖ്യമന്ത്രിസ്ഥാനം ഊഴമിട്ട്‌ എടുക്കാനായിരുന്നു ഛത്തീസ്‌ഗഢിലും ധാരണ. എന്നാൽ, കാലാവധി പകുതിയായപ്പോൾ ഭാഗേൽ നിലപാട്‌ മാറ്റി. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ വഴിമാറാൻ ഒരുക്കമല്ലെന്ന്‌ നിലപാടെടുത്തു.

ദേവ്‌ ഹൈക്കമാൻഡിനെ കണ്ട്‌ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഛത്തീസ്‌ഗഢിൽ കോൺഗ്രസിന്റെ പ്രധാന തലവേദന ഭാഗേൽ–- ദേവ്‌ പോര്‌ തന്നെയാണ് . നേതാക്കളുടെ ഗ്രൂപ്പുപോരിനാൽ കോൺഗ്രസിന്‌ അധികാരം നഷ്ടമായ സംസ്ഥാനമാണ്‌ പഞ്ചാബ്‌.

Leave A Reply