ശർമ്മിള തന്നെ താരം ; കൂടെക്കൂട്ടാൻ കോൺഗ്രസ്സും ബിജെപിയും മത്സരം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ വൈ.എസ്.ഷർമിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നു . തെലുങ്കാനയിലിപ്പോൾ താരം ശർമ്മിളയാണ് .

ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമാണു ഷർമിള. മുൻപ് ജഗൻമോഹനും ഷർമിളയും ആന്ധ്രയിൽ ഒന്നിച്ചായിരുന്നെങ്കിലും പിന്നീട് ഇരുവരും തെറ്റി.

അതേ തുടർന്നാണ് ഷർമിള തെലങ്കാനയിൽ സ്വന്തം പാർട്ടി രൂപീകരിച്ചത്. തെലങ്കാനയിൽ 40 മണ്ഡലങ്ങളിൽ സ്വാധീനമുണ്ടെന്നാണ് ശർമിളയുടെ അവകാശവാദം. അതേസമയം, കോൺഗ്രസുമായി സഖ്യം പരിഗണനയിലില്ലെന്നാണു ഷർമിള പറയുന്നത് .

ഒപ്പം നിന്നാൽ രാജ്യസഭാംഗത്വം, ആന്ധ്രയിലെ പാർട്ടിച്ചുമതല എന്നിവയാണു ഷർമിളയ്ക്കു കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരിക്കുന്നത് .കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണു ശർമിളയെ കൂട്ടാനുള്ള നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്  .  ഡി.കെ. ശിവകുമാറുമായി വ്യക്തിപരമായ അടുപ്പം ശർമ്മിളയ്ക്കുണ്ട്.

ശർമിളയെ കൂട്ടാൻ ബിജെപിയുടെ ശ്രമം അമിത് ഷാ വഴിയാണ് . വമ്പൻ ഓഫറുകളാണ് ബിജെപിയും ശർമ്മിളയ്ക്ക് നൽകുന്നത് . ബിജെപിയ്ക്കിപ്പോൾ നിയമസഭയിൽ രണ്ട് എം എൽ എ മാർ മാത്രമാണുള്ളതെങ്കിലും സംസ്ഥാനത്തെ 17 എം പി മാരിൽ നാല് പേർ ബി.ജെ.പിയുടേതാണ് .

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് പത്താക്കി ഉയർത്തുകയാണ് ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ അത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആത്മവിശ്വാസം വർദ്ധിക്കും .

കയ്യിലുണ്ടായിരുന്ന കർണാടക പൊട്ടിപ്പൊളിഞ്ഞു പാളീസായി . ഇനി വരുന്നത് തെലുങ്കാനയാണ് .തെലുങ്കാനയിൽ ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ദേശീയ നേതൃത്വത്തിനറിയാം . അതുകൊണ്ടാണ് ശർമിളയെ കൂട്ടാൻ ശ്രമിക്കുന്നത് .

പോണ്ടിച്ചേരി മോഡലിൽ സഖ്യമുണ്ടാക്കി ഭരണം പിടിക്കാനാണ് നോക്കുന്നത് . ശർമ്മിളയ്ക്കും കോൺഗ്രസ്സിനൊപ്പമോ ബിജെപിക്കൊപ്പമോ നിന്ന് സാന്നിധ്യമറിക്കുന്നതാണ് നല്ലത് . ചന്ദ്രശേഖർ റാവുവിന്റെ ഭരണപരാജയം തുറന്നുകാട്ടാൻ നാടിളക്കി പദയാത്ര നടത്തുകയാണ് ശർമ്മിളയിപ്പോൾ .

സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന ശർമ്മിള കേന്ദ്രസർക്കാരിനെതീരെ ഒന്നും പറയുന്നില്ല . പദയാത്രയിലൂടെ ജനമനസ്സ് കീഴടക്കിയ പിതാവിന്റെ പാത പിന്തുടർന്നാണ് ശർമ്മിളയുടെ യാത്ര. വാർത്തകളിൽ നിറഞ്ഞുനിൽക്കാനായി പരമാവധി കാര്യങ്ങളൊക്കെ ശർമ്മിള ചെയ്തുകൂട്ടുന്നുമുണ്ട്.

ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി കെ.സി.ആറിന് തനിക്കൊപ്പം നടക്കാൻ ശർമ്മിള ഷൂ ഓഫർ ചെയ്തു.”എനിക്കൊപ്പം ഒരു പദയാത്രയിൽ പങ്കാളിയാകുന്നതിനു മുഖ്യമന്ത്രി കെ.സി.ആറിനെ ക്ഷണിച്ചു. അദ്ദേഹത്തിനു ധരിക്കാനുള്ള ഷൂവും എന്റെ കൈയിൽ റെഡിയാണ് .

മുഖ്യമന്ത്രിയുടെ പാദത്തിനു കണക്കാക്കി വാങ്ങിയതാണ്. അഥവാ പാകമല്ലെങ്കിൽ മാറ്റി വാങ്ങുന്നതിന് ബില്ലും ഇതോടാെപ്പമുണ്ട്” – ഷൂ ബോക്സ് ഉയർത്തിക്കാട്ടി ശർമ്മിള ഹൈദരാബാദിൽ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.ഇങ്ങനെയുള്ള ഗിമിക്കുകൾ കാണിച്ചു വാർത്താകോളങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ശർമ്മിള.

ശർമ്മിളയുടെ നീക്കങ്ങളെ കോൺഗ്രസും നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെയും മകൾ കവിതയ്ക്കുമെതിരെയും ഒരുപാട് ആരോപണങ്ങൾ ഉയരുന്നുമുണ്ട്.

ഒരേസമയം ബി.ജെ.പിയും കോൺഗ്രസും എതിർക്കുന്നതു കൊണ്ടുതന്നെ ഭരണവിരുദ്ധ വോട്ടുകൾ വിഘടിച്ചു പോകുമ്പോൾ അനായാസ ജയം നേടാനാകുമെന്നാണ് കെ.സി.ആറിന്റെ കണക്കുകൂട്ടൽ.

Leave A Reply