കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റങ്കിലും പാർട്ടിയുടെ മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നത് മന്ത്രിസഭാ വികസനവും വകുപ്പുകളുടെ വീതംവെപ്പുമാണ്. 23പേർ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം . ഈ ആഴ്ച അവസാനത്തോടെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന .
ആദ്യഘട്ട ചർച്ചകൾക്ക് ഇന്ന് തന്നെ തുടക്കമാകും. സംസ്ഥാന നേതാക്കൾ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും . മന്ത്രിസഭയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട എട്ടുപേരാണ് ഇന്നലെ മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സത്യപ്രതിജ്ഞ ചെയ്തത്.
സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നത്. വകുപ്പുകൾ വീതംവെക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കും . മുഖ്യമന്ത്രി സിദ്ധരാമയ്യ പൊതുഭരണത്തിനൊപ്പം ധനകാര്യവകുപ്പും കൈകാര്യം ചെയ്യും .
1994ൽ ദേവഗൗഡ മന്ത്രിസഭയിൽ അദ്ദേഹം ധനകാര്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനം മികച്ച സാമ്പത്തിക ഭദ്രത കൈവരിച്ചിരുന്നു. ഡി.കെ ശിവകുമാറിന് ആഭ്യന്തര വകുപ്പിന് പുറമെ ഊർജ വകുപ്പും ഉണ്ടാകും . ഇത് രണ്ടും വേണമെന്ന് നേരത്തെ ശിവകുമാർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു .
മന്ത്രിസഭ വികസനം സംബന്ധിച്ച് ചർച്ചക്കായി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഞായറാഴ്ച വീണ്ടും ഡൽഹിക്ക് പോകും . മന്ത്രിമാരുടെ അന്തിമ പട്ടികയിൽ തീർപ്പാക്കാൻ ഹൈകമാൻഡുമായി ചർച്ച നടത്തും. 34 മന്ത്രിസ്ഥാനങ്ങളുള്ള സർക്കാറിൽ സീനിയോറിറ്റിക്കുപുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക.
ലിംഗായത്തിൽനിന്ന് 37ഉം എസ്.സി- എസ്.ടി വിഭാഗങ്ങളിൽനിന്ന് 35ഉം മുസ്‌ലിംകളിൽനിന്ന് ഒമ്പതും എംഎൽഎമാരാണ് കോൺഗ്രസിലുള്ളത്. ഈ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും മന്ത്രിസഭ പൂർണ്ണമാക്കുന്നത് .
കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ ഹൈകമാൻഡുമായി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ കൂടിക്കാഴ്ചയിൽ 42 പേരുടെ ആദ്യപട്ടികയിൽനിന്ന് 28 പേരുടെ പട്ടിക ഉറപ്പാക്കിയിരുന്നു. എന്നാൽ, അവസാന നിമിഷം എട്ടുപേരെ മാത്രം സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു .
ബാക്കി പട്ടികയിൽ വീണ്ടും ചർച്ച നടത്തണമെന്നും ഹൈക്കമാൻഡ് ആവശ്യപ്പെട്ടു . സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, കെ.എച്ച്. മുനിയപ്പ, രാമലിംഗ റെഡ്ഡി എന്നിവർ ദലിത്, പിന്നാക്ക വിഭാഗ പ്രതിനിധികളാണ്.
ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മലയാളിയായ കെ.ജെ. ജോർജിനെയും മുസ്‌ലിം സമുദായത്തിൽനിന്ന് സമീർ അഹമ്മദിനെയും ലിംഗായത്ത് വിഭാഗത്തിൽനിന്ന് എം.ബി. പാട്ടീലിനെയും ഉൾപ്പെടുത്തി. എം.ബി. പാട്ടീലിനുപുറമെ ലിംഗായത്ത് പ്രതിനിധികളായി ജഗദീഷ് ഷെട്ടാറിനെയും ലക്ഷ്മൺ സവാദിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
ഷെട്ടാർ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അദ്ദേഹത്തെ എം.എൽ.സിയാക്കി നാമനിർദ്ദേശം ചെയ്തു സർക്കാറിന്റെ ഭാഗമാക്കാനാണ് തീരുമാനം . ലിംഗായത്ത് വിഭാഗത്തിൽനിന്ന് ചുരുങ്ങിയത് എട്ടു പേർക്കെങ്കിലും മന്ത്രിപദവി ലഭിച്ചേക്കും.
ഞായറാഴ്ച മന്ത്രി പട്ടികയിൽ തീരുമാനമായാലും ബുധനാഴ്ച നിയമസഭ സമ്മേളനം സമാപിച്ച ശേഷമേ ബാക്കി മന്ത്രിമാരെ പ്രഖ്യാപിക്കൂ . ഇക്കുറി സ്പീക്കറാകുക മലയാളിയായിരിക്കും . സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ടി.ഖാദറിനെ സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് തീരുമാനം. യു.ടി.ഖാദർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കർണാടകയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുസ്ലീം നിയമസഭാ സ്പീക്കറാകുന്നത്.
സീപീക്കർ സ്ഥാനത്തേക്കായി ആർ.വി. ദേശ്പാണ്ഡേ, ടി.ബി. ജയചന്ദ്ര, എച്ച്.കെ. പാട്ടീൽ എന്നിവരുടെ പേരുകളാണ് ചർച്ചയിലുണ്ടായിരുന്നത്. എന്നാൽ അവസാന നിമിഷം യു.ടി ഖാദറിന് നറുക്കുവീഴുകയായിരുന്നു.
മംഗളൂരു മണ്ഡലത്തിൽ നിന്നാണ് യു.ടി ഖാദർ എം എൽ എയായി വിജയിച്ചത്. 40,361 വോട്ടുകൾ നേടിയ ഖാദറിന്റെ ഭൂരിപക്ഷം 17,745 ആണ്. അഞ്ചാം തവണയാണ് അദ്ദേഹം എം.എൽ.എയായി. വിജയിക്കുന്നത്.