രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വർഷം കരുതലോടെ ..ഇല്ലെങ്കിൽ പണി പാളും

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കാലൂന്നിയിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ വരവിൽത്തന്നെ കേരളത്തിൽ ഒരു രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനമുണ്ടായിരുന്നു. 1980 മുതൽ കേരളത്തിൽ തുടർന്നുവന്നിരുന്ന മുന്നണിരാഷ്ട്രീയ സംവിധാനത്തിൽ പ്രകടമായിക്കണ്ട രാഷ്ട്രീയമാറ്റമായിരുന്നു അത്.

1980 മുതലുള്ള മുന്നണി സമവാക്യമനുസരിച്ചാണ് കേരളത്തിന്റെ ഭരണവും രാഷ്ട്രീയവും മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. അതുപ്രകാരം അഞ്ച് കൊല്ലത്തിലൊരിക്കൽ ഭരണമാറ്റം ഉറപ്പായിരുന്നു. 1980ൽ ഇ.കെ. നായനാരും എ.കെ. ആന്റണിയുമെല്ലാം ഒരുമിച്ച് കേരളം ഭരിച്ചുവെന്നത് നേര്.

പിന്നീട് ആന്റണിയുൾപ്പെടെയുള്ളവരിൽ മനംമാറ്റമുണ്ടായി കെ. കരുണാകരന്റെ കൂടെ തിരിച്ചുപോയി. അന്ന് ആന്റണിക്കൊപ്പമുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും മറ്റും കോൺഗ്രസ് സോഷ്യലിസ്റ്റുകാരായി ഇടതുമുന്നണിയിൽ നിലയുറപ്പിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിനൊപ്പം നിന്നെങ്കിലും 1977ന് ശേഷം സി.പി.ഐയുടെ ഭട്ടിൻഡ പാർട്ടി കോൺഗ്രസ് ആഹ്വാനപ്രകാരം സി.പി.എമ്മിനൊപ്പമുള്ള ഇടതുമുന്നണിയായി നിൽക്കാൻ സി.പി.ഐ തീരുമാനിച്ചു. അന്ന് തൊട്ടിന്നേവരെ സി.പി.എമ്മും സി.പി.ഐയുമാണ് ഇടതുമുന്നണി എന്ന മുത്തശ്ശി മാവിന്റെ കാവൽക്കാർ.

1982 ൽ കെ. കരുണാകരന്റെ നേതൃത്വത്തിൽ ഐക്യജനാധിപത്യ മുന്നണി സർക്കാർവന്നു. അഞ്ചു വർഷത്തിന് ശേഷം 87ൽ ഇ.കെ. നായനാരുടെ ഇടതുമുന്നണി അധികാരത്തിലെത്തി . ഈ സർക്കാരിന് മികച്ച പ്രതിച്ഛായ സൃഷ്ടിക്കാനായി. ഈ മുന്നണിയിലെ എല്ലാ കക്ഷികളും 22 കാരറ്റ് ഇടത്, സോഷ്യലിസ്റ്റുകാർ മാത്രം .

സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ജനതാപാർട്ടി, കോൺഗ്രസ്-എസ് പാർട്ടികളാണ് ഇടതുമുന്നണിയിലുണ്ടായിരുന്നത് . 89ൽ കേരള കോൺഗ്രസിലെ പി.ജെ. ജോസഫും കൂട്ടരുമെത്തി. മികച്ച പ്രതിച്ഛായയുള്ളതിനാലും ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയതിനാലും നായനാർ സർക്കാരിന് ഭരണ തുടർച്ച പ്രതീക്ഷിച്ച് അഞ്ച് കൊല്ലം തികയും മുമ്പേ, 1991ൽ സർക്കാർ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് തയ്യാറായി.

പക്ഷേ, അവിചാരിതമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സഹതാപതരംഗം അലയടിച്ചു. ഇടതുമുന്നണി കടപുഴകി വീണു . 91 മുതൽ വീണ്ടും കരുണാകരൻ മുഖ്യമന്ത്രി. കോൺഗ്രസിലെ കിച്ചൻ കലാപത്തിൽ പെട്ട് കരുണാകരൻ തെറിച്ചു. 95 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായി.

ചാരായനിരോധനം ആന്റണി പ്രഖ്യാപിച്ചത് അപ്പോഴാണ്. അത് കേരളത്തിൽ പുതിയൊരു അവസ്ഥ സൃഷ്ടിച്ചു. വ്യാജചാരായം വ്യാപകമാവുകയും പിടിക്കപ്പെടുകയും ചെയ്തു. 1996 ൽ ഇ.കെ. നായനാർ സർക്കാർ വീണ്ടുമെത്തി. നായനാർ സർക്കാരിന് 87ലെ മികവ് കാട്ടാനായില്ല. ജനകീയാസൂത്രണം പോലുള്ള വിപ്ലവകരമായ തീരുമാനം വരുന്നത് ഈ കാലത്താണ്. ഇത് വീണ്ടും കേരളീയസമൂഹത്തിൽ വ്യതിയാനത്തിന് കളമൊരുക്കി.

കേരളം പതുക്കെപ്പതുക്കെ പുതിയൊരു സംസ്കാരത്തിലേക്ക് നടന്നുതുടങ്ങി. 2001ൽ ആന്റണി സർക്കാർ വന്നതോടെ സ്വാശ്രയ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളം വാതിൽതുറന്നു. അന്ന് ഇടതുപക്ഷം വ്യാപക പ്രതിഷേധമുയർത്തി. തുടർന്നിങ്ങോട്ടുണ്ടായ രണ്ട് പതിറ്റാണ്ട് കേരളത്തിൽ ദൂരവ്യാപകചലനങ്ങളുണ്ടായി.

2006ൽ ഇടതുമുന്നണി അധികാരത്തിൽ വന്നു. വി.എസ്. അച്യുതാനന്ദൻ  മുഖ്യമന്ത്രിയായി. 2009ൽ മണ്ഡല പുനർവിഭജനം നടന്നു. കേരളത്തിലെ പല മണ്ഡലങ്ങളും ഇന്നത്തെ ഇടതുമുന്നണി രാഷ്ട്രീയസംവിധാനത്തിന് മേൽക്കൈ ലഭിക്കത്തക്ക വിധത്തിൽ വിഭജിക്കപ്പെട്ടു. ഇതിന്റെ അനുരണനം 2011ൽ പ്രകടമായി.

വിജയത്തോടടുത്ത പരാജയവുമായാണ് 2011ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നേരിയ ഭൂരിപക്ഷത്തിൽ അധികാരം നേടിയ യു.ഡി.എഫ് സർക്കാരിന് ആരോപണങ്ങളുടെ മലവെള്ളപ്പാച്ചിൽത്തന്നെ നേരിടേണ്ടിവന്നു. സോളാർ വിവാദമെന്ന പേരിൽ സരിത എസ്. നായരെ ചൊല്ലിയുയർന്ന രാഷ്ട്രീയവിസ്ഫോടനം കോളിളക്കമുണ്ടാക്കി.

പിന്നാലെ ഉമ്മൻ ചാണ്ടി സർക്കാരിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ ബാർകോഴ ആരോപണമുയർന്നു. മദ്യനിരോധനത്തിന്റെ വക്താവാകാൻ ശ്രമിച്ച വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡന്റായതോടെ ചില ബാറുകൾ പുതുതായി അനുവദിച്ചത് വിവാദമായി. സുധീരന്റെ എതിർപ്പോടെ, എന്നാൽ ബാറുകളേ വേണ്ടെന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടി ഭരണമെത്തി.

ഇതിനിടയിലാണ് ബാറുടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലുണ്ടായത്. ധനമന്ത്രി മാണിക്ക് ഒരുകോടി കോഴ നൽകിയെന്ന ആരോപണം ഇടതുമുന്നണി ഏറ്റുപിടിക്കാൻ താമസമുണ്ടായില്ല. മാണിയെ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കാത്ത അവസ്ഥ വരെയുണ്ടായി.

2016ൽ പിണറായി വിജയൻ എന്ന കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രിയായി. പക്ഷേ, വി.എസ് കാത്തുസൂക്ഷിച്ച മൂല്യബോധം എന്തുകൊണ്ടോ ഈ സർക്കാരിന് കാത്തുസൂക്ഷിക്കാനായില്ല. പരിഷ്കാരങ്ങളുടെ, അല്ലെങ്കിൽ സൈദ്ധാന്തിക പിടിവാശികൾക്ക് വിട നൽകിയുള്ള വികസന നയങ്ങളുടെ വക്താവെന്ന പരിവേഷമാണ് പിണറായിക്കും സർക്കാരിനും കിട്ടിയത്.

ഇടതുഭരണത്തിൽ കേട്ടിട്ടില്ലാത്ത വിധത്തിൽ ഒന്നാം പിണറായി ഭരണകാലത്ത് തന്നെ പേരുദോഷം കേട്ടു. അതും കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തേതിന് സമാനമായ വിധത്തിൽ. സ്വർണ്ണക്കടത്ത് കേസും അതിലെ പ്രതിയായ സ്ത്രീയുയർത്തിവിട്ട വിവാദങ്ങളും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ആൾതന്നെ അതിൽ മുഖ്യകണ്ണിയായതുമെല്ലാം രാഷ്ട്രീയഭൂകമ്പമായി.

ക്ഷേമസങ്കല്പങ്ങളിലൂന്നിയുള്ള രാഷ്ട്രീയകൗശലം ശക്തിപ്പെടുത്താൻ ഒന്നാം പിണറായി സർക്കാരിനെ പ്രേരിപ്പിച്ച പ്രധാനഘടകം കൊവിഡ് മഹാമാരിയും 2018ലെയും 19ലെയും പ്രളയവും നിപ്പയുമൊക്കെയായിരുന്നു. അത് ഒരർത്ഥത്തിൽ അവർക്ക് തുണയായി മാറി. അതും 2009ലെ മണ്ഡല പുനർവിഭജന വേളയിൽ നേടാനായ അനുകൂല ഘടകങ്ങളുമെല്ലാം ഒത്തിണങ്ങിയപ്പോൾ 40 വർഷത്തിനിടയിൽ ആദ്യമായി കേരളം തുടർഭരണത്തിന് സാക്ഷ്യം വഹിച്ചു.

ആ തുടർഭരണത്തിന്റെ രണ്ടാം വർഷമാണിപ്പോൾ പൂർത്തിയായത്. വളരെ പ്രതീക്ഷയാണ് പിണറായി സർക്കാരിനോട് ജനങ്ങൾക്കുള്ളത് . ആ പ്രതീക്ഷയ്‌ക്കൊത്തുയരാൻ പിണറായി സർക്കാരിന് കഴിയണം .

Leave A Reply