മേളപ്പെരുമഴയിൽ പെരുവനം പൂരം

ചേർപ്പ്: ചരിത്ര പ്രസിദ്ധമായ പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടവഴിയിലും മതിൽക്കെട്ടിനകത്തും പടിഞ്ഞാറെ നടവഴിയിലുമായി വാദ്യമേളങ്ങളുടെ കുലപതിമാർ തീർത്ത പാണ്ടി, പഞ്ചാരി മേളങ്ങളുടേയും പഞ്ചവാദ്യത്തിന്റേയും മാസ്മരിക പെരുമഴയിൽ പെരുവനം പൂരം ആഘോഷിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലിന് കടലാശേരി പിഷാരിക്കൽ ഭഗവതിയുടെ എഴുന്നള്ളിപ്പോടെ പൂരങ്ങൾക്ക് തുടക്കമായി. അഞ്ച് ആനകളുടെ പൂരത്തിന് അകമ്പടിയായി പഞ്ചാരിമേളത്തിന്‌ പെരുവനം ശങ്കരൻ മാരാർ പ്രമാണിയായി.

ആറരയോടെ തെക്കേ നടയിൽ 9 ആനകളുമായി ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പ്. കൈപ്പന്തങ്ങളുടെ പൊൻപ്രഭയിൽ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 150 ഓളം കലാകാരൻമാർ അണിനിരന്ന പാണ്ടിമേളം ആരംഭിച്ചു. തുടർന്ന് തിങ്ങിനിറഞ്ഞ ആസ്വാദക വൃന്ദത്തിന്റെ മനം കവർന്ന് കിഴക്കേ നടവഴിയിലെ ഇറക്കപ്പാണ്ടി 9.45 ഓടെ അവസാനിച്ചു. 7 മണിയോടെ ഏഴ് ആനകളും പെരുവനം സതീശൻമാരാരുടെ പ്രാമാണികത്വത്തിൽ പഞ്ചാരിമേളവുമായി ചാത്തക്കുടം ശാസ്താവിന്റെയും തൊട്ടിപ്പാൾ ഭഗവതിയുടെയും പൂരം നടന്നു.

രാത്രി പത്തരയോടെ ആറാട്ടുപുഴ, കല്ലോലി, മേടംകുളം ശാസ്താക്കൻമാരുടെ പൂരം കിഴക്കേ നടവഴിയിലൂടെ പടിഞ്ഞാറോട്ട് കയറി. 11ന് കിഴക്ക് പെരുവനം തൊടുകുളം പരിസരത്തുനിന്നാരംഭിച്ച ഊരകത്തമ്മയുടെയും ചാത്തക്കുടം ശാസ്താവിന്റെയും പൂരം പടിഞ്ഞാട്ട് കയറ്റം നടന്നു. ചെറുശേരി പണ്ടാരത്തിൽ കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അകമ്പടിയായി. പടിഞ്ഞാറെ നടവഴിയിൽ ചോറ്റാനിക്കര സുഭാഷ് മാരാർ നേതൃത്വം നൽകിയ പഞ്ചവാദ്യത്തോടെ 3 ആനകളുമായി ചേർപ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പും നടന്നു.

കരിമരുന്നു പ്രയോഗത്തിനുശേഷം ഏഴ് ഗജവീരൻമാരുടെ അകമ്പടിയോടെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളത്തോടെ എഴുന്നള്ളിപ്പ് തുടർന്നു. 12ന് പെരുവനം ആറാട്ടുപുഴ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രസിദ്ധമായ പെരുവനം വലിയ വിളക്ക് ആരംഭിച്ചു. നെട്ടിശേരി ശാസ്താവ് നായകത്വത്തിൽ നാങ്കുളം, കോടന്നൂർ, ചക്കംകുളങ്ങര, മേടംകുളം, ചിറ്റിച്ചാത്തക്കുടം, പൂനിലാർക്കാവ്, കല്ലേലി, മാട്ടിൽ ശാസ്താക്കൻമാരും എടക്കുന്നി, തൈക്കാട്ടുശേരി ഭഗവതിമാരും അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പിന് പാണ്ടിമേളം അകമ്പടിയായി. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിയായി.

Leave A Reply