അജൈവമാലിന്യ ശേഖരണം ; കൂടുതൽ ഏജൻസികളെ ക്ഷണിച്ച്‌ ക്ലീൻ കേരള കമ്പനി

കൊച്ചി: സംസ്ഥാനത്തെ അജൈവമാലിന്യ ശേഖരണത്തിന്‌ കൂടുതൽ കമ്പനികളെ കണ്ടെത്താൻ ക്ലീൻ കേരള കമ്പനി താൽപ്പര്യപത്രം ക്ഷണിച്ചു. ചില്ല്‌, ടയർ, തുണി, ചെരുപ്പ്‌, ബാഗ്‌, തെർമോകോൾ തുടങ്ങിയ നിഷ്‌ക്രീയ മാലിന്യങ്ങൾ ശേഖരിക്കാൻ ജില്ലാ ഏജൻസികളിൽനിന്നാണ്‌ താൽപ്പര്യപത്രം ക്ഷണിച്ചത്‌. ഹരിതകർമസേന വീടുകളിൽനിന്ന്‌ ശേഖരിക്കുന്ന തരംതിരിച്ചതും തരംതിരിക്കാത്തതുമായ അജൈവ പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ സംസ്ഥാനത്ത്‌ 35 ഏജൻസികൾ നിലവിലുണ്ട്‌.

മാസംതോറും പുനഃചംക്രമണത്തിനായി 1000 മെട്രിക്‌ ടൺ പ്ലാസ്‌റ്റിക്‌ മാലിന്യവും ശരാശരി 1500 മുതൽ 2000 മെട്രിക്‌ ടൺ ഇനേർട്ട്‌ വേസ്‌റ്റും സംസ്ഥാനത്തിന്‌ പുറത്തുള്ള സിമന്റ്‌ ഫാക്‌ടറികൾക്ക്‌ നൽകുന്നുണ്ട്‌. എന്നാൽ, മാലിന്യത്തിന്റെ അളവ്‌ കൂടിയതിനാൽ കൂടുതൽ ഏജൻസികളെ ആവശ്യമായി. അതിനാലാണ്‌ പുതിയ ടെൻഡർ ക്ഷണിച്ചതെന്ന്‌ ക്ലീൻ കേരള എംഡി ജി കെ സുരേഷ്‌ കുമാർ പറഞ്ഞു.

വിവിധതരം പ്ലാസ്റ്റിക്, ചെരുപ്പ്, തുണിമാലിന്യം, ബാഗ്, തെർമോകോൾ, തുകൽ കാർപെറ്റ്, ഉപയോഗശൂന്യമായ മെത്ത, തലയണ, പ്ലാസ്റ്റിക് പായ, കണ്ണാടി, കുപ്പി, ചില്ലുമാലിന്യങ്ങൾ, ഉപയോഗശൂന്യമായ വാഹന ടയർ, പോളി എത്തിലീൻ പ്രിന്റ് ഷീറ്റ്, സ്ക്രാപ് ഇനങ്ങൾ ഇ–-മാലിന്യങ്ങൾ തുടങ്ങിയവയാണ്‌ ശേഖരിക്കുന്നത്‌. ഇവ ശേഖരിക്കാൻ സംസ്ഥാന സർക്കാർ അംഗീകരിച്ച കലണ്ടർ ക്ലീൻ കേരള കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്‌.

Leave A Reply