അരിക്കൊമ്പന്‍ പ്രശ്‌നം; ഹൈക്കോടതി നിയോഗിച്ച സമിതി മറ്റന്നാള്‍ ചിന്നക്കനാലിലേക്ക്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുന്നു. ചിന്നക്കനാൽ സിങ്കുകണ്ടമാണ് സമരങ്ങളുടെ പ്രധാന കേന്ദ്രം. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്. അതേസമയം, കോടതി നിയോഗിച്ച വിദഗ്ധ സമിതി കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കുന്ന ഒരുക്കങ്ങളിലാണ്.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വിദഗ്ധ സമിതി അംഗങ്ങള്‍ മറ്റന്നാള്‍ ചിന്നക്കനാലിൽ എത്തും. 301 കോളനിയിലെ പ്രശ്നബാധിതരെ കാണും. അരിക്കൊമ്പനെ ഉൾവനത്തിലേക്ക്‌ മാറ്റണമെന്നതിൽ ചർച്ച നടത്തും. കൂടുതൽ ശാസ്ത്രീയ റിപ്പോർട്ടുകൾ പരിശോധിക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങളെടുക്കാനായി വിദഗ്ധ സമിതി ഇന്ന് വൈകുന്നേരം വീണ്ടും യോഗം ചേരും.

അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോയെന്ന് അഞ്ചംഗ വിദഗ്ധ സമിതി പരിശോധിക്കമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ എസ് അരുൺ, പ്രൊജക്‌ട് ടൈഗർ സി.സി.എഫ് എച്ച്. പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ചീഫ് വെറ്ററിനേറിയനുമായ ഡോ. എൻ.വി.കെ. അഷറഫ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂ ട്ട് മുൻ ഡയറക്ടർ ഡോ. പി എസ് ഈശ, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. രമേഷ് ബാബു തുടങ്ങിയവരാണ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ.

Leave A Reply