ജ്വലിക്കുന്ന ഓർമയായി കീഴേട്ട് രാമൻ ഇളയത്

കൂത്താട്ടുകുളം: വൈക്കം സത്യഗ്രഹ സമരാവേശത്തിൽ പാലക്കുഴയിലെ ഇല്ലപ്പറമ്പിൽ പള്ളിക്കൂടം സ്ഥാപിച്ച കീഴേട്ടു രാമൻ ഇളയതിന്റെ ചരിത്രം പുതുതലമുറയ്‌ക്ക്‌ ആവേശം പകരും.വൈക്കം സത്യഗ്രഹ വളന്റിയറായിരിക്കെ സവർണ ഗുണ്ടകൾ കണ്ണിൽ പച്ച ചുണ്ണാമ്പെഴുതിയതിനേത്തുടർന്ന് കാഴ്ച മങ്ങി.

ഭൂപ്രമാണിമാരുടെ എതിർപ്പിനെ അവഗണിച്ച് രാമൻ ഇളയതിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളത്തും പാലക്കുഴയിലും സമീപപ്രദേശങ്ങളിലും ഹരിജനങ്ങളുടെ ഉന്നമനത്തിനും അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനുംവേണ്ടി നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.രാമൻ ഇളയതിന്റെ വിദ്യാലയം അയ്യൻകാളിയാണ് ഉദ്ഘാടനം ചെയ്തത്.

സ്കൂളിൽ ചേർന്നുപഠിക്കാൻ ജന്മികളെ ഭയന്ന് ഹരിജനങ്ങൾ ആദ്യം മുന്നോട്ടുവന്നില്ല. പാലക്കുഴ, മാറിക, കോഴിപ്പിള്ളി, ഒലിയപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ഹരിജൻ കുടിലുകളിൽ കയറിയിറങ്ങിയാണ് ഇളയതും സഹപ്രവർത്തകരും കുട്ടികളെ കണ്ടെത്തിയത്. സ്റ്റേറ്റും പെൻസിലും ആഹാരവും വസ്ത്രവും ഇല്ലത്തുനിന്ന് സൗജന്യമായാണ് നൽകിയിരുന്നത്. ഹരിജൻ നേതാവായിരുന്ന അയ്യപ്പൻ മാസ്റ്ററും പിന്തുണ നൽകി.

രാമൻ ഇളയതിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭസമരങ്ങളിലൂടെ തിരികൊളുത്തിയ നവോത്ഥാനത്തിന്റെ മണ്ണിലാണ് കൂത്താട്ടുകുളം മേഖലയിൽ കമ്യൂണിസ്റ്റ്‌ ആശയങ്ങളുടെ വിത്തുകൾ മുളച്ചതെന്ന് ചരിത്രകാരൻ ജോസ് കരിമ്പന പറഞ്ഞു.1969ൽ 73–-ാമത്തെവയസ്സിൽ രാമൻ ഇളയത് തൃശൂർ അയ്യന്തോളിൽ മരിച്ചു.

Leave A Reply