ചിതറ: കൊല്ലം ജില്ലയിലെ ചിതറയിൽ കവർച്ചാക്കുറ്റം ആരോപിച്ച് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് പുറമേ വിദ്യാർത്ഥിയേയും ബന്ധുക്കളേയും രാത്രി മണിക്കൂറുകളോളം തടഞ്ഞുവെച്ച് അധിക്ഷേപിച്ചെന്നും പരാതി.
സൂപ്പർ മാർക്കറ്റ് ജീവനക്കാർക്കെതിരെയാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി ബന്ധുവിനൊപ്പം ചിതറയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയത്. രാത്രി ഏഴു മണിയോടെ വിദ്യാർത്ഥിയുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയുടെ മൊബൈൽ മോഷ്ടിച്ചവർ എന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്.
തുടർന്ന് സമീപത്തെ ഉത്സവത്തിനെത്തിയ വിദ്യാർത്ഥിയേയും ബന്ധുവിനേയും കണ്ടപ്പോൾ സൂപ്പർമാർക്കറ്റ് ജീവനക്കാരി തടഞ്ഞു നിർത്തി. രാത്രി 8 മണി മുതൽ 12 മണിയായിരുന്നു മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിർത്തിയതും പരസ്യ വിചാരണ നടത്തിയതും. സൂപ്പർ മാർക്കറ്റ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
എന്നാല്‍ വിദ്യാർത്ഥി മൊബൈൽ മോഷ്ടിച്ചെന്നും അത് തങ്ങൾക്ക് ഉറപ്പുണ്ടെന്നുമാണ് കട ഉടമയുടെ വാദം. ഇയാളും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണെന്ന് ചിതറ പോലീസ് പറഞ്ഞു.