വഞ്ചന, തട്ടിപ്പ് കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ ഉപഭോക്തൃ ഫോറങ്ങൾ പരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി
വഞ്ചന, തട്ടിപ്പ് കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ ഉപഭോക്തൃ ഫോറങ്ങൾ പരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി.ദേശീയ ഉപഭോക്തൃ ഫോറത്തിന്റെ ഒരു വിധി റദ്ദാക്കിക്കൊണ്ടാണ് കഴിഞ്ഞദിവസം ജസ്റ്റീസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരേ യൂണിയൻ ബാങ്ക് ചെയർമാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. തെറ്റായ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.
അതേസമയം 1986 ലാണ് ഇന്ത്യയില്‍ ആദ്യമായി ഉപഭോക്തൃ സംരക്ഷണ നിയമം നിലവില്‍ വന്നത്. നിരന്തര ചൂഷണത്തിന് വിധേയരായിക്കൊണ്ടിരുന്ന ഉപഭോക്താക്കളുടെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ്, ട്രാന്‍സ്പോര്‍ട്ട്, ടെലിഫോണ്‍ സര്‍വീസ്, ഡോക്ടര്‍മാരുടെ സേവനം, വക്കീലന്മാരുടെ സേവനം, ജലവിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫഌറ്റ് നിര്‍മാതാക്കള്‍, ഇന്ത്യന്‍ റയില്‍വേ, ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, പോസ്റ്റല്‍ സര്‍വ്വീസ്, ഗ്യാസ്, പെട്രോളിയം, ഇലക്ട്രിസിറ്റി ബോര്‍ഡ്, കൊറിയര്‍ സര്‍വ്വീസ്, ഓണ്‍ലൈന്‍ ഉത്പന്നങ്ങള്‍, ഐടി മേഖല തുടങ്ങിയ സേവനങ്ങളെല്ലാം ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് 15 ആണ് അന്താരാഷ്ട്ര ഉപഭോക്തൃ ദിനം.