ഇലവുങ്കല്‍ രക്ഷാപ്രവര്‍ത്തനം; സുനില്‍ കുമാറിനെ ആദരിച്ചു

വയനാട്: ശബരിമല പാതയില്‍ ഇലവുങ്കലിന് സമീപത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സന്ദര്‍ഭോചിതമായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ജില്ലാ കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറിനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് പി.ബി സുനില്‍ കുമാറിന് ഉപഹാരവും അനുമോദന പത്രവും നല്‍കി.

ദുരന്തമുഖത്ത് സുനില്‍ കുമാറും സംഘവും നടത്തിയ പ്രവര്‍ത്തനം ജില്ലയ്ക്കും ജില്ലാ ഭരണകൂടത്തിനും അഭിമാനമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്തുത്യര്‍ഹമായ സേവനത്തിനു 2016 ല്‍ സുനില്‍കുമാറിനു മുഖ്യമന്ത്രിയുടെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ചടങ്ങില്‍ എ. ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.അജീഷ്, വി.അബൂബക്കര്‍, സീനിയര്‍ സൂപ്രണ്ട് കെ.മനോജ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് ഉമ്മറലി പറച്ചോടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ജീവനക്കാര്‍ പങ്കെടുത്തു.

Leave A Reply