സാറാ : സാഹിത്യലോകത്തെ ലളിതമുഖം ; സാഹിത്യത്തെ പുതിയ ഭാവതലങ്ങളിലേക്ക്‌ ഉയർത്തി

തിരുവനന്തപുരം: “ചെറുപ്പത്തിലേ ചിറകുവെട്ടിപ്പോയ പക്ഷിയാണ് ഞാൻ. വെട്ടിയൊതുക്കിയ ചിറകുകളുമായാണ് വളർന്നത്. കുടുംബിനിയായിനിന്നേ എഴുതിയിട്ടുള്ളൂ. എഴുത്തിന് എപ്പോഴും രണ്ടാംസ്ഥാനമാണ് കൊടുത്തത്’–- 2015ൽ ദേശാഭിമാനിക്ക്‌ നൽകിയ അഭിമുഖത്തിൽ സാറാ തോമസ്‌ തന്റെ എഴുത്തുജീവിതത്തെ വിവരിച്ചത്‌ ഇങ്ങനെ. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത മുഖമായിരുന്നു സാറാ തോമസിന്റേത്‌. ചെറുപ്പത്തിൽത്തന്നെ എഴുത്തിനോടുള്ള ആവേശം അവർ തിരിച്ചറിഞ്ഞിരുന്നു.

കുടുംബത്തിൽനിന്നുണ്ടായ പിന്തിരിപ്പിക്കലിന് വഴങ്ങി. കോട്ടയം വേളൂർ സ്വദേശിയും കഴക്കൂട്ടം സബ് രജിസ്ട്രാറുമായിരുന്ന വർക്കി എം മാത്യുവിന്റെയും സാറാമ്മയുടെയും മകളായി 1934 സെപ്‌തംബർ 14ന്‌ ആയിരുന്നു ജനനം. റിട്ട. ജസ്റ്റിസ് അന്നാ ചാണ്ടി അമ്മയുടെ ചേച്ചിയാണ്. 34–-ാം വയസ്സിൽ ആദ്യ നോവൽ “ജീവിതം എന്ന നദി’ എഴുതി. ഒരേസമയം ദളിത്‌, അധഃസ്ഥിത വിഭാഗങ്ങൾ നേരിടുന്ന സാമൂഹികപ്രശ്നങ്ങളും അഗ്രഹാരങ്ങളിലെ പെൺജീവിതങ്ങളിലെ കയ്‌പുമായിരുന്നു നോവലുകളുടെ വിഷയം.

തന്നെ ദളിത് എഴുത്തുകാരിയെന്നോ പെണ്ണെഴുത്തുകാരിയെന്നോ വേർതിരിക്കുന്നതിനോട് അവർക്ക് താൽപ്പര്യമില്ലായിരുന്നു. സാധാരണക്കാരുടെ എഴുത്തുകാരിയും എഴുത്തിലെ “ജനറൽ സർജനു’മായിരുന്നു. ഭർത്താവ് ഡോ. തോമസ് സക്കറിയ എഴുത്തിൽ സാറയ്ക്ക് എല്ലാ പിന്തുണയും നൽകി. വൈകുന്നേരങ്ങളിൽ കനകക്കുന്നിലെ പടികളിൽ ഇരുന്ന്‌ അവർ പരസ്പരം കഥകൾ പങ്കുവച്ചു. 2009ലാണ്‌ അദ്ദേഹം മരിച്ചത്‌. പിന്നീട്‌ സജീവ എഴുത്തിലേക്ക്‌ സാറാ തോമസ്‌ മടങ്ങിവന്നില്ല. അന്തരിച്ച കവയിത്രി സുഗതകുമാരിയായിരുന്നു അടുത്ത സുഹൃത്ത്‌.

Leave A Reply