കോഴിക്കോട് വിമാനത്താവളം വഴി പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളം വഴി പേനയുടെ റീഫില്ലിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി.എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് മൂന്ന് പേരില്‍നിന്നായാണ് 1.3 കിലോ സ്വര്‍ണം പിടികൂടിയത് . മലപ്പുറം കെ.പുരം വെള്ളാടത്ത് ഷിഹാബ് (31) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന നാല് പേനകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് റീഫില്ലിനുള്ളില്‍ സ്വര്‍ണറോഡുകള്‍ അതിവിദഗ്ധമായി ഒളിപ്പിച്ചത് കണ്ടെത്തിയത്. രണ്ട് ലക്ഷം രൂപയുടെ 42 ഗ്രാമുള്ള നാല് സ്വര്‍ണറോഡുകളാണ് കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ബേലികോത്ത് ഷാനവാസില്‍നിന്ന് (26) 1116 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചു. ഇയാള്‍ ധരിച്ചിരുന്ന പാന്റ്സിനും അടിവസ്ത്രത്തിനും കൂടുതല്‍ ഭാരം തോന്നിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇവ രണ്ടും സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചവയാണെന്ന് വ്യക്തമായത്. ഇരുവരും ദുബൈയില്‍നിന്നാണ് കരിപ്പൂരിലെത്തിയത്. ജിദ്ദയില്‍നിന്നെത്തിയ കോഴിക്കോട് ശിവപുരം പറയരുകുന്നുമ്മേല്‍ അന്‍സിലില്‍നിന്ന് (32) ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 795 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.

Leave A Reply