ഉപഭോക്താവെന്ന വ്യാജേനെ ബ്യൂട്ടിപാര്‍ലുകളില്‍ എത്തി മധ്യവയസ്കൻ പണം തട്ടുന്നു

പെരുമ്ബിലാവ്: ഉപഭോക്താവെന്ന വ്യാജേനെ ബ്യൂട്ടിപാര്‍ലുകളിലെത്തി മധ്യവയസ്കന്‍ പണം തട്ടി. പെരുമ്ബിലാവ് സുറുമ ബ്യൂട്ടിപാര്‍ലര്‍, അക്കിക്കാവിലെ ഷീ ബ്യൂട്ടി പാര്‍ലര്‍ എന്നിവിടങ്ങളിലെ ഉടമകളായ ഷീബ, സജ്ന എന്നിവരാണ് തട്ടിപ്പിനിരകളായത്.19ന് മകളുടെ വിവാഹമാണെന്നും അതിന് മകള്‍ക്ക് ബ്യൂട്ടീഷന്‍ വര്‍ക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മധ്യവയസ്കന്‍ ഇവരുടെ സ്ഥാപനങ്ങളില്‍ എത്തിയത്. ഫോണ്‍ നമ്ബറും നല്‍കി. തുടര്‍ന്ന് പുറത്തുപോയ ഇയാള്‍ അല്‍പസമയം കഴിഞ്ഞ് വീണ്ടും തിരികെയെത്തുകയും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിയ വകയില്‍ താഴത്തെ കടയില്‍ 500 രൂപ നല്‍കാന്‍ ബാക്കിയുണ്ടെന്നും അത് കൊടുക്കാന്‍ പണം വേണമെന്നും കുറച്ചുസമയത്തിനകം തിരികെ തരാം എന്നുപറഞ്ഞ് വിശ്വസിപ്പിച്ച്‌ രണ്ടുപേരില്‍നിന്നും 500 രൂപ വീതം തട്ടിയെടുത്തു. രണ്ടിടത്തും വ്യത്യസ്ത പേരിലാണ് പരിചയപ്പെടുത്തിയത്.

ഒരിടത്ത് ഇസ്മായിലും മറ്റൊരിടത്ത് സലീം എന്നുമാണ് പേര് പറഞ്ഞത്. എന്നാല്‍, പിന്നീട് നിരവധി തവണ ഫോണ്‍ നമ്ബറില്‍ വിളിച്ചെങ്കിലും എടുക്കാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. ഷീ ബ്യൂട്ടി പാര്‍ലറില്‍ എത്തിയ ഇയാളുടെ ദൃശ്യങ്ങള്‍ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സജ്നയും ഷീബയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave A Reply