മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട്‌ വിവാഹ വാഗ്‌ദാനം നല്‍കി യുവതിയില്‍നിന്ന്‌ 22 ലക്ഷം രൂപ തട്ടിയെടുത്ത മൂന്ന്‌ ത്രിപുര സ്വദേശികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്‌ദാനം നല്‍കി യുവതിയില്‍ നിന്ന്‌ 22 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന്‌ ത്രിപുര സ്വദേശികള്‍ അറസ്റ്റിലായി .കുമാര്‍ ജമാത്യ (36), സൂരജ്‌ ദബര്‍ണ (27), സജിത്‌ ജമാത്യ (40) എന്നിവരെയാണ്‌ തിരുവനന്തപുരം സൈബര്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട്‌ യു.എന്‍ മിഷനില്‍ ഡോക്ടറെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു വിവാഹ വാഗ്‌ദാനം നടത്തിയത് . വിശ്വാസത്തിനായി ചിത്രവും വാട്സ് ആപ്‌ നമ്ബറും നല്‍കി. തുടര്‍ന്ന്‌ വാട്സ് ആപിലൂടെ സന്ദേശങ്ങള്‍ അയച്ചു. ജോലിക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനെന്ന്‌ വിശ്വസിപ്പിച്ചാണ്‌ പല തവണയായി യുവതിയില്‍നിന്ന്‌ പണം തട്ടിയത്‌.

തുടര്‍ച്ചയായി പണമാവശ്യപ്പെട്ടതോടെ കഴിഞ്ഞ മേയില്‍ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പണമയച്ചുനല്‍കിയ അക്കൗണ്ട്‌ ത്രിപുരയിലാണെന്ന്‌ കണ്ടെത്തി. ബാങ്ക്‌ അക്കൗണ്ട്‌ ഉടമകളെ അന്വേഷിച്ചാണ്‌ പൊലീസ്‌ പ്രതികളിലേക്കെത്തിയത്‌. അറസ്റ്റിലായ പ്രതികളെ അഗര്‍ത്തലയിലെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരത്തെത്തിക്കും.

ഹൈദരാബാദ്‌, ബംഗളൂരു കേന്ദ്രീകരിച്ചുള്ള ചില അക്കൗണ്ടുകളിലേക്കും പണം നല്‍കിയിട്ടുണ്ട്‌. ഈ അക്കൗണ്ട്‌ ഉടമകളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. സൈബര്‍ പൊലീസ്‌ ഡിവൈ.എസ്‌.പി കരുണാകരന്‍, സി.ഐ വിനോദ്‌കുമാര്‍, എസ്‌.ഐ ബിജുലാല്‍, സിവില്‍ പൊലീസ്‌ ഓഫിസര്‍ ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

Leave A Reply