ശരീരത്തില്‍ നിന്ന് പതിവായി ദുര്‍ഗന്ധമോ? ഒഴിവാക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍…

എപ്പോഴും കാഴ്ചയില്‍ ‘ഫ്രഷ്’ ആയിരിക്കണമെന്നാണ് മിക്കവരും ആഗ്രഹിക്കാറ്. എന്നാല്‍ കാഴ്ചയില്‍ മാത്രം പോര ഈ ‘ഫ്രഷ്‍നെസ്’. നമുക്കരികിലേക്ക് ഒരാള്‍ വന്നാലും അയാള്‍ക്ക് നമ്മുടെ ശരീരത്തില്‍ നിന്ന് മടുപ്പിക്കുന്ന ഗന്ധങ്ങളൊന്നും അനുഭവപ്പെടാനും പാടില്ല. ഇത്തരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നുവെങ്കില്‍ കാഴ്ചയ്ക്ക് എത്ര നന്നായി വസ്ത്രം ധരിച്ചിട്ടോ, ഒരുങ്ങിയിട്ടോ കാര്യവുമില്ല. മിക്കവരും ഇക്കാര്യത്തെ കുറിച്ച് അറിവുള്ളവര്‍ തന്നെയാണ്. എന്നാല്‍ ചിലര്‍ ദൗര്‍ഭാഗ്യവശാല്‍ ഇതെക്കുറിച്ചൊന്നും ശ്രദ്ധയില്ലാതെ പോകുന്നതും കാണാം.

ഡിയോഡറന്‍റുകള്‍, ബോഡി സ്പ്രേകള്‍ എല്ലാം ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്നത്തെ പരിഹരിക്കാം. എന്നാല്‍ ചില സമയങ്ങളില്‍ ഇവ കൊണ്ടും മനം മടുപ്പിക്കുന്ന ഗന്ധം ഒഴിവാക്കാൻ സാധിക്കാതെ വരാം. അങ്ങനെയെങ്കില്‍ പതിവായി ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാകുന്ന പ്രശ്നമുണ്ടെങ്കില്‍ നിര്‍ബന്ധമായും എല്ലാ ദിവസവും കുളിക്കുക. കഴിയുമെങ്കില്‍ രാവിലെയും വൈകീട്ടും കുളിക്കാം.

ദുര്‍ഗന്ധം പതിവാണെന്ന് മനസിലാക്കിയാല്‍ ആന്‍റി-ബാക്ടീരിയല്‍ സോപ്പ് ഉപയോഗവും പതിവാക്കി നോക്കാം. ഇതിന് മുമ്പായി ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടേണ്ടുണ്ട്. കുളിച്ചുകഴിഞ്ഞാല്‍ നല്ലരീതിയില്‍ ശരീരം തുടച്ചുണക്കണം. വൃത്തിയുള്ള, ഉണങ്ങിയ ടവല്‍ കൊണ്ട് വേണം തുടയ്ക്കാൻ. ഇതും ദുര്‍ഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.

ശരീരം പെട്ടെന്ന് വിയര്‍ക്കുന്നവരിലെല്ലാമാണ് ഏറെയും ദുര്‍ഗന്ധമുണ്ടാകാറ്. അല്ലാതെയും ഉണ്ടാകാം. രണ്ടായാലും ഈ പ്രശ്നമുള്ളവര്‍ എപ്പോഴും അലക്കിയ, വൃത്തിയുള്ള വസ്ത്രം തന്നെ ധരിക്കുക. വസ്ത്രത്തില്‍ സുഗന്ധമുള്ള ഫാബ്രിക് കണ്ടീഷ്ണറുകള്‍ ഉപയോഗിക്കുകയും ആവാം. ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമൊഴിവാക്കാൻ ‘ആന്‍റിപെര്‍സ്പിരന്‍റ്സ്’ഉം ഉപയോഗിക്കാം. പ്രമുഖ ബ്രാൻഡുകള്‍ക്കെല്ലാം ഈ ഉത്പന്നമുണ്ട്. ഇവ വിപണിയിലും ലഭ്യമാണ്.

Leave A Reply