കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസ് സൂപര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖ് കുറ്റപ്പെടുത്തി. വ്യക്തിവൈരാഗ്യം പ്രചരിപ്പിക്കാനാണ് റിയാസ് ശ്രമിക്കുന്നത്. ഏതെങ്കിലും തരത്തില്‍ തെളിവുണ്ടായിട്ടാണോ പ്രതിപക്ഷ നേതാവിന് ബി.ജെ.പി ബന്ധമുണ്ടെന്ന് റിയാസ് പറയുന്നെന്ന് അദ്ദേഹം ചോദിച്ചു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ടി. സിദ്ദിഖ്.
നിയമസഭയില്‍ ഫയല്‍ മേശപ്പുറത്ത് വെക്കുമ്ബോള്‍ റിയാസ് പറഞ്ഞ കാര്യങ്ങള്‍ നിയമസഭയിലെ കീഴ്വഴക്ക ലംഘനമാണ്. നട്ടെല്ലിന് പകരം വാഴപ്പിണ്ടി ചേരുന്നത് ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കാണ്. റിയാസ് സൂപര്‍ മുഖ്യമന്ത്രി ചമയുന്നത് എന്തിനാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും .
ബി.ജെ.പിയുമായി കോണ്‍ഗ്രസ് ബന്ധം പുലര്‍ത്തിയതിന് ഒറ്റ തെളിവ് പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. എന്നാല്‍ സി.പി.എമ്മിന് ബന്ധം ഉണ്ടായിരുന്നു. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ സി.പി.എം -ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തത വരുത്തണം. ലാവ്‍ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് അന്തര്‍ധാരയുള്ളത്. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും ശാക്തീകരിക്കുകയാണ് സി.പി.എം. മുമ്ബ് കാണാത്ത തരത്തിലാണ് നിയമസഭയിലെ സ്വേച്ഛാധിപത്യം.
കെ.കെ. രമക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. കെ.കെ. രമക്കെതിരെ നടക്കുന്ന സൈബര്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റേത്. ടി.പി. ചന്ദ്രശേഖരന് ശേഷം കെ.കെ. രമയെയും സി.പി.എം ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എം. ലിജു, കെ.പി.സി.സി സെക്രട്ടറി കെ. ജയന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.