മാസങ്ങൾ കൊണ്ട് ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ ചാറ്റ്ബോട്ട് എത്തുന്നു. ചൈനയാണ് ചാറ്റ്ജിപിടിക്ക് ബദൽ സൃഷ്ടിക്കാൻ ‘ഏർണി’ എന്ന ചാറ്റ്ബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് നിമിഷ നേരം കൊണ്ടാണ് ഏർണി ഉത്തരം നൽകുന്നത്. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് ഏർണിയുടെ മറ്റൊരു പ്രത്യേകത.
ചൈനയിലെ ജനപ്രിയ സെർച്ച് എഞ്ചിനായ ബൈഡു ആണ് ഏർണിയെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. ചൈനീസിലെ മികച്ച നോവൽ ഏതാണെന്ന് കണ്ടെത്തുകയും, അവയുടെ വിവരണങ്ങൾ നിമിഷനേരം കൊണ്ട് തയ്യാറാക്കുകയും ചെയ്തതോടെ വലിയ കയ്യടിയാണ് ഏർണി നേടിയിരിക്കുന്നത്. എന്നാൽ, ഏർണിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇവ ഇംഗ്ലീഷ് ഭാഷയേക്കാൾ കൂടുതൽ ചൈനീസ് ഭാഷയ്ക്കാണ് മുൻതൂക്കം നൽകുന്നത്. അതിനാൽ, ലോജിക്കൽ തെറ്റുകൾ സംഭവിക്കുമ്പോൾ അവ പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.