ട്രൂകോളറിന്റെ ഇന്ത്യയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂകോളർ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ആസ്ഥാനത്തിന് പുറത്തുള്ള ട്രൂകോളറിന്റെ ഏറ്റവും വലിയ ഓഫീസ് കൂടിയാണ് ബെംഗളൂരുവിലേത്. 250 ജീവനക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ ഓഫീസിന് 30,443 ചതുരശ്ര അടി വിസ്തീർണമാണ് നൽകിയിട്ടുള്ളത്. കൂടാതെ, വിവിധ തരത്തിലുള്ള അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവിലും ഓഫീസ് ആരംഭിച്ചതോടെ, ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനുള്ള നീക്കത്തിലാണ് ട്രൂകോളർ. അപരിചിതമായ നമ്പറുകളിൽ നിന്നും കോളുകൾ വരുമ്പോൾ അവ ആരാണെന്ന് തിരിച്ചറിയാനാണ് മിക്ക ആളുകളും ട്രൂകോളറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. രാജ്യത്ത് പത്ത് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ട്രൂകോളറിന് നിലവിൽ, 24.6 കോടി ഇന്ത്യൻ ഉപഭോക്താക്കളാണ് ഉള്ളത്. അതേസമയം, ആഗോള തലത്തിൽ 33.8 കോടിയിലധികം പ്രതിമാസ ഉപഭോക്താക്കൾ ട്രൂകോളറിന് ഉണ്ട്.

Leave A Reply