ഓൺ അറൈവൽ വീസാപ്പട്ടിക പുതുക്കി യുഎഇ

മുൻകൂട്ടി വീസയെടുക്കാതെ യുഎഇയിലേക്കു വരാവുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നു വീസ ഓൺ അറൈവൽ ലഭിച്ചിരുന്നതാണ് ഇപ്പോൾ 60 ആയി ഉയർന്നത്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് വീസ ഓൺ അറൈവലിനു തടസ്സമായി പറയുന്നത്. യുഎസ് വീസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനന്റ് റസിഡന്റ് വീസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു വീസ ഓൺ അറൈവലിൽ എത്താം.

ഇവരുടെ വീസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്ക് വീസ ഓൺ ‍അറൈവൽ ആണ് ഇവർക്കു ലഭിക്കുക. ഇത് 14 ദിവസത്തേക്കു കൂടി നീട്ടാം.ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വീസ ഓൺ അറൈവൽ നൽകിയിട്ടില്ല. വീസ ഓൺ അറൈവലിൽ 90 ദിവസം വരെ താമസിക്കാവുന്ന 40 രാജ്യങ്ങളും 30 ദിവസം താമസിക്കാവുന്ന 20 രാജ്യങ്ങളുമാണുള്ളത്. 90 ദിവസത്തെ വീസ ലഭിക്കുന്നതിൽ അധികവും യൂറോപ്യൻ രാജ്യങ്ങൾക്കാണ്. യുഎസ് വീസയുള്ളവർക്ക് 30 ദിവസം വരെ തങ്ങാം. 30 ദിവസത്തെ വീസ 10 ദിവസം കൂടി നീട്ടാം.

Leave A Reply