ബഹ്റൈനിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നു മുതൽ പുതുക്കിയ പ്രോട്ടോകോൾ നിലവിൽ വരും. ഹെൽത്ത് സുപ്രീം കൗൺസിൽ ചെയർമാൻ മേജർ ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. രാജ്യത്തെ നിലവിലുള്ള കോവിഡ് പ്രതിരോധ രീതികളും കോവിഡ് വ്യാപനവും വിലയിരുത്തിയാണ് തീരുമാനം.
സാധാരണ ഗതിയിൽ കോവിഡ് സ്ഥിരീകരിക്കാൻ ഹെൽത്ത് സെന്ററുകളിൽ റാപിഡ് ടെസ്റ്റുകൾ ചെയ്താൽ മതി. അത്യാവശ്യ ഘട്ടത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം പി.സി.ആർ ടെസ്റ്റ് എടുത്താൽ മതിയാവും. കോവിഡിന് നിർബന്ധപൂർവമുള്ള ക്വാറന്റീൻ ഒഴിവാക്കുകയും സ്വയം അഞ്ചു ദിവസം ക്വാറന്റീനിൽ ഇരിക്കാൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്.