കുവൈത്തിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 28,611 ട്രാഫിക് നിയമലംഘനങ്ങൾ.ഇതിൽ 23 എണ്ണം പ്രായപൂർത്തിയാകാത്തവരുടേതാണ്. ഇവ ജുവനൈൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് കൈമാറി. മയക്കുമരുന്ന് ഉപയോഗിച്ചതിന് മൂന്നു കേസും ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കിയതിന് 202 നിയമലംഘനങ്ങളും രേഖപ്പെടുത്തി. മാർച്ച് 11 മുതൽ 17 വരെയുള്ള കണക്കാണിത്. ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറും റെസ്ക്യൂ പൊലീസിന്റെ ജനറൽ ഡയറക്ടറേറ്റുമാണ് സ്ഥിതിവിവരക്കണക്ക് പുറത്തിറക്കിയത്.
ട്രാഫിക് നിയമലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമം അനുസരിക്കാനും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എല്ലാവരോടും അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യാനും കുറ്റകൃത്യങ്ങൾ മറച്ചുവെക്കരുതെന്നും അധികൃതർ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.