അല്ലു അർജുൻ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു : ആരോപണവുമായി വരൻ സിനിമയിലെ സഹനടി ഭാനുശ്രീ മെഹ്‌റ

തെലുങ്കു സൂപ്പർതാരം അല്ലു അര്‍ജുന് സിനിമാ ലോകത്ത് പോലും ആരാധകർ ഏറെയാണ്. തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുകയാണ് നടൻ. എന്നാൽ ഇപ്പോഴിതാ നടനെതിരെ വിചിത്രവും വ്യത്യസ്തവുമായ ആരോപണവുമായി എത്തിയിരിക്കുകയാണ് വരൻ ചിത്രത്തിലെ നായികയായ ഭാനുശ്രീ മെഹ്‌റ.

അല്ലു അര്‍ജുനൊപ്പം 2010ല്‍ പുറത്തിറങ്ങിയ വരനിലൂടെയാണ് ഭാനുശ്രീ മെഹ്‌റയുടെ അരങ്ങേറ്റം. അല്ലു അര്‍ജുന്‍ ട്വിറ്ററില്‍ തന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നാണ് നടി പറയുന്നത്. ഇതിന് തെളിവായി അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്‌ത സ്ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചിട്ടുണ്ട്.

അല്ലു തന്റെ മുന്‍ നായികയെ തന്നെ സോഷ്യല്‍മീഡിയയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നടന്റെ ഈ പ്രവര്‍ത്തി ആരാധകരെ അമ്പരപ്പിക്കുകയാണ്. ഭാനുശ്രീ ട്വീറ്റ് ഷെയർ ചെയ്തതിന് പിന്നാലെ അല്ലു അർജുൻ ആരാധകർ നടിയുടെ കമന്റ് ബോക്സിൽ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതോടെ അല്ലു തന്നെ അൺബ്ലോക്ക് ചെയ്ത മറ്റൊരു സ്‌ക്രീൻഷോട്ടും ഭാനുശ്രീ പങ്കുവെച്ചു.

”അത് ഒരു ദിവസത്തെ തമാശയായിരുന്നു! എന്റെ ട്വീറ്റ് ഏതെങ്കിലും അല്ലുവിന്റെ ആരാധകരെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതല്ല, ഞാനും ഒരു ആരാധകിയാണ്! ഒരു തമാശ പറയുകയായിരുന്നു, നമുക്ക് വിദ്വേഷമല്ല, സ്നേഹം പങ്കിടാം. നന്ദി അല്ലു അർജുൻ…. ശുഭരാത്രി, കൂട്ടുകാരേ! സ്വീറ്റ് ഡ്രീംസ്!” എന്നാണ് നടി ട്വീറ്റ് ചെയ്തവീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.

ചിലപ്പോള്‍ അല്ലു അര്‍ജുനെ ഇത് അലോസരപ്പെടുത്തിക്കാണുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. എന്നാൽ അല്ലു അര്‍ജുന്‍ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. തെന്നിന്ത്യൻ നടി ഭാനുശ്രീ മെഹ്‌റ അവസാനമായി അഭിനയിച്ചത് 2021-ൽ പുറത്തിറങ്ങിയ മറോ പ്രസ്ഥാനം എന്ന ചിത്രത്തിലാണ്. പിന്നീട് നടി യൂട്യൂബ് ചാനൽ ആരംഭിച്ചു.

Leave A Reply