മനാമ: കഴിഞ്ഞവർഷം അനധികൃതമായി രാജ്യത്ത് തങ്ങുകയും തൊഴിൽനിയമങ്ങൾ ലംഘിക്കുകയും ചെയ്ത 2400 വിദേശികൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി തൊഴിൽ മന്ത്രാലയം. 559,822 പ്രവാസികൾക്ക് വർക്ക് പെർമിറ്റ് നൽകിയിട്ടുണ്ടെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ബോർഡ് ചെയർമാൻ കൂടിയായ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ എം.പിമാരെ അറിയിച്ചു. 2023 മാർച്ച് അഞ്ചു വരെ 2,655 തൊഴിൽ മേഖലകളിലായി 486,047 പേർ ജോലി ചെയ്യുന്നുണ്ട്. ഇതുകൂടാതെ 73,775 വീട്ടുജോലി ചെയ്യുന്നവരുമുണ്ട്. ഇതിനുപുറമെയാണ് ജോലിയുള്ളവരുടെ കുടുംബാംഗങ്ങൾ. അവർ 119,713 പേർ വരും. 20,844 പ്രവാസി നിക്ഷേപകരുമുണ്ട്.
കഴിഞ്ഞ വർഷം, 6,397 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്താനുള്ള നടപടികൾ മന്ത്രാലയം സ്വീകരിക്കുന്നുണ്ട്. തൊഴിൽ വിപണിയുടെ ആവശ്യങ്ങളനുസരിച്ചുള്ള പരിശീലനമാണ് വിദ്യാർഥികൾക്ക് നൽകുന്നത്.