ഡൽഹി: സർക്കാരിൽ നിന്ന് ജുഡിഷ്യറിക്ക് മേൽ യാതൊരു സമ്മർദ്ദവുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ ജസ്റ്റിസ് ഇൻ ദ ബാലൻസ്: മൈ ഐഡിയ ഓഫ് ഇന്ത്യ എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. 23 വർഷമായി ഹൈക്കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജി എന്ന നിലകളിലായി പ്രവർത്തിക്കുന്നു. ഒരു കേസ് തീർപ്പാക്കാൻ ആരും പറഞ്ഞിട്ടില്ല. സമ്മർദ്ദമില്ലെന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ഉദാഹരണമാണ്. 70 വർഷമായി നമ്മുടെ ജനാധിപത്യം എക്സിക്യൂട്ടീവും ജുഡിഷ്യറിയും തമ്മിൽ വളരെ വ്യക്തവും നിർവചിക്കാവുന്നതുമായ ഒരു വേർതിരിവ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെഞ്ചിന്റെ അദ്ധ്യക്ഷനായ സഹപ്രവർത്തകനോട് പോലും ആ കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കില്ല. ഇക്കാര്യങ്ങളിൽ നമ്മൾ സ്വയം വരച്ച വരകളുണ്ട്. അദ്ദേഹം പറഞ്ഞു. ജുഡിഷ്യറി കൊളോണിയൽ രീതിയിൽ നിന്ന് വഴി മാറണം. സാങ്കേതിക വിദ്യ ഉപയോഗിച്ച് 50 വർഷത്തിനുള്ളിൽ ജുഡിഷ്യറിയെ മാറ്റേണ്ടതുണ്ട്. ഉയർന്ന കോടതികളിലെ ഭാഷ ഇംഗ്ലീഷാണ്. എന്നാൽ കോടതി നടപടികൾ ആളുകൾക്ക് മനസ്സിലാകുന്ന ഭാഷയിലാവേണ്ടതുണ്ട്. 1950 മുതൽ ഇന്ന് വരെ സുപ്രീം കോടതിയുടെ 34,000 വിധിന്യായങ്ങൾ ഉണ്ടായിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റപ്പോൾ ആദ്യം ഈ വിധികൾ ഡിജിറ്റലൈസ് ചെയ്തു. ഇന്ന് ലോകത്ത് എവിടെ നിന്നും ഈ വിധികൾ തിരയാൻ കഴിയും. ജഡ്ജിമാരുടെ നിയമനത്തിന് മെറിറ്റും സീനിയോറിറ്റിയുമാണ് പ്രധാനമായും പരിഗണിക്കുന്നത്.