ലാഹോർ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി ചെയർമാനുമായ ഇമ്രാൻ ഖാൻ ഇന്നലെ തോഷാഖാന അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ ഹാജരാകാൻ പുറപ്പെട്ടതിന് പിന്നാലെ വ്യാപക സംഘർഷം.
കോടതിയിൽ ഹാജരാകാൻ ഇമ്രാൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ പുറപ്പെട്ടതിന് പിന്നാലെ ലാഹോറിലെ സമൻ പാർക്കിലെ അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് ബാരിക്കേഡുകൾ മറികടന്ന് പൊലീസ് ഇരച്ചുകയറി. തടയാൻ ശ്രമിച്ച പി.ടി.ഐ പ്രവർത്തകരുമായി കടുത്ത ലാത്തിച്ചാർജുണ്ടായി. പത്തിലേറെ പേർക്ക് പരിക്കേറ്റു. 60ലേറെ പേർ അറസ്റ്റിലായി. വസതിയോട് ചേർന്നുണ്ടായിരുന്ന അനുയായികളുടെ ക്യാമ്പുകൾ തകർത്തു.
വസതിയുടെ പരിസരത്ത് പൊലീസ് നടത്തിയ റെയ്ഡിൽ തോക്കുകളും പെട്രോൾ ബോംബുകളും മറ്റ് മാരകായുധങ്ങളും കണ്ടെത്തിയെന്ന് പാക് ആഭ്യന്തര മന്ത്രി റാണാ സനാവുള്ള പറഞ്ഞു. ഇമ്രാന്റെ വീടിനുള്ളിലേക്ക് പൊലീസ് പ്രവേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് റെയ്ഡ് നടക്കുമ്പോൾ ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീഗം വസതിയിലുണ്ടായിരുന്നു.