പാകിസ്ഥാനിൽ ഇമ്രാൻഖാന്റെ പാർട്ടി നിരോധിച്ചേക്കും

ലാഹോർ: പാക്കിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാക്കിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനുവല്ല വ്യക്തമാക്കി.

ഇമ്രാന്റെ വീട്ടിൽ നിന്നും പോലീസ് ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കമെന്നും റാണാ സനുവല്ല പറഞ്ഞു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“ലാഹോറിൽ നിന്നും ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിലെ കോടതിയിലേക്ക് പോയപ്പോഴാണ് പോലീസ് വീട്ടിലെത്തിയത്. ഇമ്രാൻഖാന്റെ വസതിയിൽ നിന്നും നിരവധി അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്, ഇത് തീവ്രവാദ സംഘടനയാണെന്നതിന് പിടിഐക്കെതിരെ കേസെടുക്കാൻ മതിയായ തെളിവാണ്.പ്രാഥമികമായി ഏതെങ്കിലും കക്ഷിയെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിയമ സംഘവുമായി കൂടിയാലോചിക്കും”.- ആഭ്യന്തര മന്ത്രി റാണാ സനുവല്ല കൂട്ടിച്ചേർത്തു.

Leave A Reply