കണ്ണൂർ: ബിജെപി സഹായിച്ചാൽ തിരിച്ചും സഹായിക്കാൻ മടിയില്ലെന്ന നിലപാടിൽ ഉറച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ ഗതികേടാണ് ഞാൻ വ്യക്തമാക്കിയത്. രാജ്യം ഭരിക്കുന്ന കക്ഷിയോട് ഒരു സഭയ്ക്കും അകൽച്ചയില്ല. ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.
‘ജപ്തി നോട്ടീസുകൾ വീടുകളിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് മലയോര കര്‍ഷകര്‍ക്ക് മുന്നിലുള്ളത്. സമ്പൂർണ്ണമായ അന്ധകാരം മാത്രമാണ് കർഷകന്റെ മുമ്പിലുള്ളത്. ആകെ കൂടിയുള്ള അവരുടെ വരുമാന മാർഗം റബർ കൃഷിയാണ്. ആ റബ്ബറിനെ ആരാണ് പിന്തുണ അവർക്ക് ഞങ്ങൾ പിന്തുണ നൽകും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും വെച്ചു കൊണ്ടല്ല. മറിച്ച് കർഷകന്റെ അവസ്ഥ അത്രമേൽ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ളതാണ് ഞങ്ങൾ ലക്ഷ്യമാക്കിയത്. റബറിന്റെ വിലയെ സ്വാധീനിക്കാൻ ഇപ്പോൾ കഴിയുന്നത് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിനാണ്. അത് ഞാൻ എടുക്കുന്ന ഒരു തീരുമാനമായിട്ടല്ല. അത് കുടിയേറ്റ കർഷകരുടെ അല്ലെങ്കിൽ മലയോര കർഷകര്‍ എടുക്കുന്ന തീരുമാനമാണ്’- തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞു.