വി ഡി സതീശന്റെ സമനില തെറ്റി ; പ്രതിപക്ഷം കലാപത്തിന്‌ ശ്രമിക്കുന്നു

ഒരു കാരണവശാലും നിയമസഭ നടക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ഭീഷണി ജനങ്ങളോടുള്ള വെല്ലുവിളിയാണ് . ഇക്കാര്യത്തിൽ യുഡിഎഫിലെ എല്ലാ എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നാണ്‌ സതീശൻ പറയുന്നത്‌.

വെള്ളിയാഴ്‌ച നിയമ സഭ സ്‌തംഭിപ്പിച്ച ശേഷമായിരുന്നു ഈ കലാപാഹ്വാനം നടത്തിയത് . സഭാനടപടി സുഗമമാക്കാൻ സഹകരിക്കണമെന്നാണ്‌ സ്പീക്കർ വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിലുണ്ടായ ധാരണ. ഇത്‌ കാറ്റിൽപ്പറത്തിയാണ്‌ വെള്ളിയാഴ്‌ചയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ സഭ സ്‌തംഭിപ്പിച്ചത്‌.

സഭയ്‌ക്കുള്ളിൽ സമാന്തര സഭ ചേർന്നതിന്റെ വീഡിയോ ചിത്രീകരിച്ചെന്ന്‌ പ്രതിപക്ഷ നേതാവ്‌ സമ്മതിച്ചിട്ടുണ്ട്‌. അത്‌ നിയമലംഘനമാണെങ്കിൽ ഇനിയും ചെയ്യുമെന്നും മാധ്യമങ്ങൾക്ക്‌ കൈമാറുമെന്നുമാണ്‌ സതീശൻ വീണ്ടും വെല്ലുവിളിച്ചത് .

സഭയിലെ കലാപ ശ്രമങ്ങളെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും യു ഡി എഫ് ആലോചിക്കുന്നു.
സമനില തെറ്റിയാൽ ആളുകൾ എന്തും ചെയ്യാറുണ്ട്‌. കേരളത്തിലെ പ്രതിപക്ഷം ഇപ്പോൾ ചെയ്‌തുകൂട്ടുന്നതും ഇതുതന്നെയാണ്‌. എന്താണ്‌ ചെയ്യുന്നതെന്ന്‌ അവർക്കുതന്നെ നിശ്ചയമില്ലാത്ത സ്ഥിതിയാണ്‌.

ജനങ്ങൾക്ക്‌ മുന്നിലും നിയമസഭയിലും പരാജയപ്പെട്ട്‌ നിലതെറ്റിയ പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും കലാപം സൃഷ്ടിക്കാനാണ്‌ ബോധപൂർവം ശ്രമിക്കുന്നത്‌. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടതാണ് .

വികസന, ക്ഷേമപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ജനപിന്തുണ വർധിക്കുകയാണെന്ന്‌ യുഡിഎഫ്‌ ഓരോ ദിവസവും തിരിച്ചറിയുന്നുണ്ട്‌. സർക്കാരിനെതിരെയുള്ള സമരങ്ങളെല്ലാം പൊളിയുകയല്ലേ ?

ബജറ്റ്‌ നിർദേശത്തിനെതിരെ യുഡിഎഫ്‌ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്‌ത പ്രക്ഷോഭത്തിന്‌  ജനപിന്തുണ ആർജിക്കാൻ കഴിയാത്തതിനാൽ നാണംകെട്ട്‌ പിൻവലിയേണ്ടിവന്നു. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞും വലതുപക്ഷമാധ്യമ പിന്തുണയോടെ അക്രമസമരങ്ങൾ നടത്തിയും കലാപം സൃഷ്ടിക്കാനുള്ള ശ്രമവും വിലപ്പോയില്ല.

പ്രതിഷേധമുയർത്താനുള്ള അവകാശം പ്രതിപക്ഷത്തിനുള്ളതുപോലെ സഭാനടപടികളിൽ കീഴ്‌വഴക്കങ്ങളുടെയും ചട്ടങ്ങളുടെയും  അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം സ്പീക്കർക്കുമുണ്ട്‌. അത്‌ അംഗീകരിച്ച്‌ സഭ സുഗമമായി സഭ നടത്താൻ സഹകരിക്കാതെ പ്രതിപക്ഷം സംഘർഷം സൃഷ്ടിക്കുന്നത്‌ അവരുടെ ജനാധിപത്യവിരുദ്ധ സമീപനമാണ്‌ വ്യക്തമാക്കുന്നത്‌.

കോൺഗ്രസിലെ ചേരിപ്പോരിനും തമ്മിലടിക്കും മറയിട്ട്‌ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌ അക്രമം അഴിച്ചുവിടാൻ പ്രതിപക്ഷനേതാവിനെ പ്രേരിപ്പിക്കുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ നിഷേധിക്കാൻ പറ്റില്ല. യു ഡി എഫിന്റെ പ്രതികരണത്തിലും പ്രവൃത്തിയിലും കുറെക്കൂടി ഉത്തരവാദിത്വബോധം ജനം പ്രതീക്ഷിക്കുന്നുണ്ട്‌.

Leave A Reply