ഉദ്ഘാടനം കഴിഞ്ഞിട്ട് നാളുകൾ; മുണ്ടക്കയം വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് പരാതി

മുണ്ടക്കയം: ഉദ്ഘാടനം കഴിഞ്ഞിട്ടും മുണ്ടക്കയം വില്ലേജ് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിച്ചത്. മുൻപ് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. പി.സി. ജോർജ് എം.എൽ.എ ആയിരിക്കെയാണ് കെട്ടിടത്തിന് ആദ്യം ഫണ്ടനുവദിച്ചത്.

എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. മുണ്ടക്കയം ടൗണിൽ ദേശീയപാതയോരത്ത് 50 ലക്ഷം രൂപ മുടക്കിയാണ് ആധുനിക സൗകര്യത്തോടുകൂടിയ മനോഹരമായ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണി പൂർത്തിയാക്കിയത്. 2023 ജനുവരി 9ന് റവന്യൂ മന്ത്രി കെ.രാജൻ പുതിയ വില്ലേജ് ഓഫീസ് നാടിന് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ കെട്ടിടം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ട് രണ്ടുമാസം പിന്നിട്ടിട്ടും ഇതുവരെ ഇവിടെ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. നഗരമദ്ധ്യത്തിൽ തലയെടുപ്പോടകൂടി നിൽക്കുന്ന പുതിയ വില്ലേജ് ഓഫീസിൽ പ്രായമായവരടക്കം വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ എത്തുന്നുണ്ടെങ്കിലും പൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയാണ്. എത്രയും വേഗം വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply