മണ്ണാർക്കാട് : അട്ടപ്പാടി മധു വധക്കേസിൽ വിധി പ്രഖ്യാപനം ഈ മാസം 30 ലേക്ക് മാറ്റി. വിധി പറയാൻ സാധ്യത കൽപിച്ചിരുന്നെങ്കിലും പൂർണമായും തയാറാക്കി കഴിയാത്തതിനാലാണ് മാറ്റിവെച്ചത്. കേസ് ശനിയാഴ്ച വീണ്ടും പരിഗണിച്ചിരുന്നു. വിധി പ്രഖ്യാപന ദിവസം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാകണമെന്ന് മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാർ അറിയിച്ചു.
2018 ഫെബ്രുവരി 22 നാണ് മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ മധു മരിച്ചത്. സംഭവം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. ഈ മാസം നാലിനാണ് അന്തിമവാദം പൂർത്തിയായത്. നീതി ലഭിക്കുമെന്നുതന്നെയാണ് ഉറച്ചുവിശ്വസിക്കുന്നതെന്നും പോരാട്ടങ്ങൾക്ക് ഫലം കാണുമെന്നും മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവർ പറഞ്ഞു.