കിളിമാനൂർ: പനപ്പാംകുന്നിലെ സ്വകാര്യ എൻജിനിയറിങ് കോളേജ് വിദ്യാർഥികൾക്ക് തേനീച്ചക്കുത്തേറ്റു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗത്തിലെ 15 വിദ്യാർഥികൾക്കാണ് തേനീച്ചക്കുത്തേറ്റത്. വ്യാഴം വൈകിട്ട് അഞ്ചിന് കോളേജിലെ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടന്നിരുന്നു. ക്ലാസ് സമയം കഴിഞ്ഞ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും കായികാധ്യാപകനുമാണ് തേനീച്ചക്കുത്തേറ്റത്.
പരിക്കേറ്റ 12 പേർ ആശുപത്രിയിൽ ചികിത്സ തേടി. മെക്കാനിക്കൽ വിഭാഗത്തിലെ ആകാശ്, അരുൺ, അനന്തു, അതുൽ, അഖിൽ, ഇന്ദ്രജിത്ത്, ഇലക്ട്രിക്കൽ വിഭാഗത്തിലെ ജിതിൻ, കെനാസ്, കൃഷ്ണ എസ് ബിജു, അഭിജിത്ത്, ആദിത്യൻ എ ആർ എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നതിൽ കോളേജ് അധികൃതർ അനാസ്ഥ കാട്ടിയതായി ചില രക്ഷിതാക്കൾ പരാതിപ്പെട്ടു. വിദ്യാർഥികൾ സ്വന്തം നിലയ്‌ക്ക് ആശുപത്രി ചികിത്സ തേടുകയായിരുന്നു.