പോങ്യാങ്: ഉത്തരകൊറിയയുടെ ശത്രുക്കളെ പൂർണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവർത്തകർ പ്രതിജ്ഞ ചെയ്തു.
അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കൾക്കെതിരെ പോരാടാൻ എട്ട് ലക്ഷം യുവാക്കൾ സന്നദ്ധ സൈനിക സേവനത്തിന് തയ്യാറാണെന്നും ഉത്തര കൊറിയ അറിയിച്ചു.
വെള്ളിയാഴ്ച ഉത്തരകൊറിയൻ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയിലാണ് സന്നദ്ധ സേവനത്തിന് തയ്യാറായി യുവാക്കൾ രംഗത്തെത്തിയതായി ഉത്തരകൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. സന്നദ്ധ സേവനത്തിന് പേര് നൽകാൻ നീണ്ട വരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നീക്കങ്ങളോട് പ്രതികരിക്കാനാണ് കിം ജോങ് ഉന്നിന്റെ തീരുമാനം.