ലാഹോർ: അഴിമതി കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഹാജരാകാൻ കോടതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോലീസ് തള്ളിക്കയറി.
ബാരിക്കേഡുകൾ പൊളിച്ച് പോലീസ് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയം ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നു.
അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാൻ ഇസ്ലാമാബാദിലെ കോടതിയിലേക്കു പോയ സമയത്തായിരുന്നു പോലീസ് നടപടി.
പോലീസ് സംഘം വീട്ടിൽ പ്രവേശിച്ചതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. ‘‘ബുഷ്റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പോലീസ് സമൻ പാർക്കിലെ വീട്ടിലേക്ക് ഇരച്ചുകയറി അതിക്രമം കാട്ടി. ഏതു നിയമത്തിന്റെ പിൻബലത്തിലാണ് അവർ ഇതു ചെയ്തത്? .’ – ഇമ്രാൻ ഖാൻ കുറിച്ചു.