ആര്‍ബി ഐഒഎസ് – ബാങ്കിങ് രംഗത്തെ പരാതി പരിഹാരത്തിന് ജനകീയ പദ്ധതി

ബാങ്കിങ് രംഗവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് രാജ്യത്തെ വിദൂരമേഖലകളിലെ ജനങ്ങള്‍ക്ക്‌  ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ആര്‍ബി ഐഒഎസ് (റിസര്‍വ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീം) എന്ന് ആര്‍ബിഐ ഓംബുഡ്സ്മാന്‍ ശ്രീ ആര്‍ കമലക്കണ്ണന്‍ പറഞ്ഞു.

പരാതിപപരിഹാര സംവിധാനം കൂടുതല്‍ സൗകര്യപ്രദവും പൊതുജനങ്ങള്‍ക്ക് അതിവേഗം പ്രാപ്യമാക്കുന്നതുമാണു പദ്ധതി.  ‘ഓംബുഡ്സ്മാന്‍ സ്പീക്ക്’ പരിപാടിയിലൂടെയാണ് പദ്ധതിയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കിയത്.

ആര്‍ബിഐയുടെയും, അതിനുകീഴിലുള്ള ധനകാര്യസ്ഥാപനങ്ങളുടെയും പരാതി പരിഹാര പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുവായ അവബോധം വളര്‍ത്തുന്നതിനും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുമുള്ള സംരംഭമാണ് ആര്‍ബി ഐഒഎസ്. ഡിജിറ്റല്‍ തട്ടിപ്പുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും, ഉചിതമായ പൊതു സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം വളര്‍ത്താനും ഈ വേദി സഹായകമാകും.

എല്ലാ ആര്‍ബിഐ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികള്‍ കാര്യക്ഷമമായും ന്യായമായും പരിഹരിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപഭോക്താവ് സ്ഥാപനങ്ങളുടെ തീരുമാനങ്ങളില്‍ തൃപ്തനല്ലെങ്കില്‍, വേഗത്തിലുള്ള പരിഹാരത്തിനായാണ് ബദല്‍ പരാതിപരിഹരണസംവിധാനം ആര്‍ബിഐ ഏര്‍പ്പെടുത്തിയത്. ആര്‍ബിഐയുടെ ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും സൗകര്യപ്രദവും ഫലപ്രദവുമായ പരാതിപരിഹരണ സംവിധാനം പ്രാപ്തമാക്കുന്നതിനും മൂന്ന് പഴയ സ്‌കീമുകള്‍ സംയോജിപ്പിച്ച് 2021 നവംബര്‍ 12നാണ് റിസര്‍വ് ബാങ്ക് – ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ സ്‌കീമിനു (ആര്‍ബി ഐഒഎസ്) തുടക്കംകുറിച്ചത്. പരാതിപരിഹരണ സംവിധാനം കൂടുതല്‍ സൗകര്യപ്രദവും പൊതുജനങ്ങള്‍ക്ക് അതിവേഗം പ്രാപ്യമാക്കുന്നതുമാണു പുതിയ പദ്ധതി.

ആര്‍ബിഐയുടെ https://cms.rbi.org.in എന്ന പരാതിപരിഹരണ പോര്‍ട്ടലിലൂടെ ഉപഭോക്താവിന് ഓണ്‍ലൈനായി പരാതി നല്‍കാം. സെന്‍ട്രലൈസ്ഡ് റസീപ്റ്റ് ആന്‍ഡ് പ്രോസസിങ് സെന്റര്‍, നാലാം നില, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെക്ടര്‍ 17, സെന്‍ട്രല്‍ വിസ്ത, ചണ്ഡീഗഢ് 160017 എന്ന വിലാസത്തില്‍ തപാല്‍മാര്‍ഗവും പരാതികള്‍ അയക്കാം. വിശദവിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 14448ല്‍ ബന്ധപ്പെടുക.

Leave A Reply