ഫെഡ് റിസർവിൽനിന്ന് വൻതുക കടമെടുത്ത് യു.എസ്. ബാങ്കുകൾ

വാഷിംഗ്ടൺ: മുൻ ആഗോള സാമ്പത്തിക മാന്ദ്യകാലത്തെ നടപടികൾ ആവർത്തിച്ച് യു.എസ്. ബാങ്കുകൾ. സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക്, സിൽവർഗേറ്റ് ബാങ്ക് എന്നിവയുടെ തകർച്ചയ്ക്ക് പിന്നാലെ പ്രതിസന്ധി ഒഴിവാക്കാൻ വ‍ൻതുക കടമെടുത്തിരിക്കുകയാണ് മറ്റു ബാങ്കുകൾ. യുഎസ് ഫെഡ് റിസർവിൽനിന്ന് 164.8 ബില്യൺ യുഎസ് ഡോളറാണ് കടമെടുത്തിരിക്കുന്നത്. ബാങ്കുകളുടെ പ്രവർത്തനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ബാങ്ക് ടേം ഫണ്ടിംഗ് പ്രോഗ്രാം എന്ന പേരിൽ യുഎസ് ഫെഡ് റിസർവ് പുതിയ എമർജൻസി ഫണ്ട് ആരംഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. 2008ൽ സാമ്പത്തിക മാന്ദ്യം വന്നപ്പോൾ 111 ബില്യൺ ഡോളർ യുഎസ് ഫെഡിൽ നിന്നും ബാങ്കുകൾ കടമെടുത്തിരുന്നു.

തകർച്ചയെ തുടർന്ന് വെള്ളിയാഴ്ച്ചയാണ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (എഫ്ഡിഐസി) എസ്.വി ബാങ്കിനെ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ഡിസംബറിലെ കണക്ക് പ്രകാരം ഏകദേശം 8,528 ജീവനക്കാരാണ് ബാങ്കിനുണ്ടായിരുന്നത്. ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വർക്ക് ഫ്രം ഹോം രീതിയലാണ് ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave A Reply