അമേരിക്കൻ ബാങ്കായ സിലിക്കൺ വാലിയും തൊട്ടു പിന്നാലെ സിഗ്നേച്ചറും തകർന്നതിനു പിന്നാലെ ആഗോള ധനകാര്യ സ്ഥാപനമായ സ്വിസ് ബാങ്കിംഗ് ഭീമൻ ക്രെഡിറ്റ് സ്വീസ് പ്രതിസന്ധിയിൽ. കഴിഞ്ഞ കുറച്ചു കാലങ്ങളായി തെറ്റായ ബാങ്കിംഗ് പ്രവർത്തനങ്ങൾ കാരണം ക്രെഡിറ്റ് സ്വീസ് ആഗോള തലത്തിൽ ചർച്ചയായിരുന്നു. കൂടുതൽ സാമ്പത്തിക സഹായം നൽകാനാകില്ലെന്ന് പ്രധാന നിക്ഷേപകർ പറഞ്ഞതോടെയാണ് ക്രെഡിറ്റ് സ്യൂസ് പ്രശ്‌നങ്ങൾ നേരിട്ടത്. തുടർന്ന് ഓഹരികൾ കൂപ്പുകുത്തി.
ബാങ്ക് ഓഹരികൾ ഒരു ഘട്ടത്തിൽ 30 ശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. ബഞ്ച്മാർക്ക് ബോണ്ട് വിലയാകട്ടെ റെക്കോഡ് താഴ്ചയിലേക്ക് പോയി. ഇതോടെ ക്രെഡിറ്റ് സ്യൂസുമായി കരാറുള്ള പല ആഗോള ധനകാര്യ സ്ഥാപനങ്ങളും അതിൽ നിന്ന് പിൻമാറുന്നതായും പ്രഖ്യാപിച്ചു. യുഎസ് ബാങ്കുകൾ, സിലിക്കൺവാലി, സിഗ്നേച്ചർ തകർച്ച ഉയർത്തിവിട്ട കൊടുങ്കാറ്റ് യൂറോപ്പിലേയ്ക്ക് നീങ്ങുന്നതാണ് പിന്നീട് കണ്ടത്.