പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ട് തായ്‌ പ്രധാനമന്ത്രി

ബാങ്കോക്ക് : തായ്‌ലൻഡിൽ പാർലമെന്റ് പിരിച്ചുവിടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി പ്രയുത് ചാൻ – ഒ – ചാ. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീണ്ടും അധികാരം ലക്ഷ്യമിടുന്നതിനിടെയാണ് പ്രയുതിന്റെ നീക്കം. പ്രധാനമന്ത്രിയുട ഉത്തരവിന് തായ്‌ലൻഡ് രാജാവിന്റെ അംഗീകാരം വേണം. ഇത് ലഭിച്ചാൽ 45 മുതൽ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണം. മേയ് 7ന് തിരഞ്ഞെടുപ്പ് നടത്താമെന്ന് ഇലക്ഷൻ കമ്മിഷൻ ആദ്യം ശുപാർശ ചെയ്തെങ്കിലും അന്തിമമാക്കിയിട്ടില്ല. 2014ൽ സൈനിക അട്ടിമറിയിലൂടെയാണ് പ്രയുത് അധികാരം പിടിച്ചെടുത്തത്. പിന്നീട് 2019 ൽ കനത്ത നിയന്ത്രണത്തിൽ നടത്തിയ തിരഞ്ഞെടുപ്പിലൂടെ അധികാരം നിലനിറുത്തുകയായിരുന്നു. തായ്‌ലൻഡ് ഭരണഘടന പ്രകാരം പരമാവധി 8 വർഷം വരെയാണ് ഒരാൾക്ക് പ്രധാനമന്ത്രിയായി തുടരാനാവുക.

2014 മുതൽ അധികാരത്തിലുള്ള പ്രയുതിന്റെ കാലാവധി കഴിഞ്ഞെന്ന് കാട്ടി നേരത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പുതിയ ഭരണഘടനയുടെ കീഴിൽ 2017 മുതലോ അല്ലെങ്കിൽ 2019ൽ പൊതുതിരഞ്ഞെടുപ്പിന് ശേഷമോ ആണ് പ്രയുതിന്റെ പ്രധാനമന്ത്രി കാലയളവ് ആരംഭിച്ചതെന്ന് കണക്കുകൂട്ടാനാകൂ എന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.

Leave A Reply