എന്നെ ആരും പഠിപ്പിക്കേണ്ട. എനിക്കെല്ലാം അറിയാം’ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിരന്തരം നിയമസഭയിലും പുറത്തും ഉപയോഗിക്കുന്ന വാചകങ്ങൾ അദ്ദേഹത്തിന്റെ ധാർഷ്ട്യത്തിന്റെയും താൻപ്രമാണിത്തിന്റെയും അടയാളപ്പെടുത്തലാണ്. പലരേയും ചോദിക്കുന്നു ഇതാണോ അല്ല ഇങ്ങനെയാണോ ഒരു പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമെന്ന് .
എംഎൽഎയായി കാൽ നൂറ്റാണ്ടോളം ആകുന്ന തന്നെ ചോദ്യം ചെയ്യാൻ ആരും വളർന്നിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ സഹജമായ പെരുമാറ്റരീതിയും പറച്ചിലും. നിയമ സഭയിൽ ഉയർന്നുവരുന്ന രാഷ്‌ട്രീയ അഭിപ്രായങ്ങളും ചോദ്യങ്ങളും തനിക്ക് എതിരാണെന്ന് ബോധ്യപ്പെട്ടാൽ അദ്ദേഹം ക്ഷുഭിതനാകും.
പിന്നീട് മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെ ആരായാലും അധിക്ഷേപം ചൊരിയും. കുടുംബാംഗങ്ങളെവരെ അധിക്ഷേപിക്കും. സഭയിലെ പുതിയ അംഗങ്ങളോട് വല്ലാത്ത പുച്ഛത്തോടെയാണ് പെരുമാറ്റം. അത് സ്വന്തം കക്ഷിയിലെ അംഗങ്ങളായാൽപോലും. ‘നിങ്ങൾ ഇപ്പോൾ വന്നതാണ്. എന്നെ പഠിപ്പിക്കാൻ നോക്കേണ്ട’–-എന്നതാണ് ഭാഷാ രീതി.
ആർക്കെതിരെ എന്നുപോലും നോക്കാതെ പെരുംനുണകൾ വിളിച്ചുപറയും. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിനെതിതെ നട്ടാൽ മുളയ്‌ക്കാത്ത നുണകളാണ് സഭയ്ക്കകത്തും പുറത്തും പ്രചരിപ്പിച്ചത് . തീപടർന്ന് പത്തുദിവസത്തിനുശേഷമാണ് മന്ത്രി പൊതുജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നായി സഭയിൽ ഉന്നയിച്ച നുണ.
ആരോപണം തെളിയിക്കാൻ മന്ത്രി പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു. പെരും നുണയനാണ് പ്രതിപക്ഷ നേതാവെന്നും, താൻ ഇരിക്കുന്ന കസേരയൂടെ മഹത്വം തിരിച്ചറിയാനാകാത്ത വ്യക്തിയാണെന്നും മന്ത്രി വീണാ ജോർജ്ജ് തിരിച്ചടിച്ചു. ഇതിന് സതീശൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വായ് തുറക്കില്ല. ആർഎസ്‌എസിന്റെയും കേന്ദ്ര സർക്കാരിന്റെയും വർഗീയ അജണ്ടകൾ ആരെങ്കിലും തുറന്നുകാട്ടാൻ ശ്രമിച്ചാൽ അദ്ദേഹം വല്ലാതെ അസ്വസ്ഥനാകും. അന്നേരം അദ്ദേഹത്തിന്റെ മുഖത്ത് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും .
കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിലപാടുകൾ, പാചകവാതകത്തിന് അടിക്കടി വില ഉയർത്തൽ, അമിത്‌ഷായുടെയും മോദിയുടെയും കേരള വിരുദ്ധ പ്രസ്‌താവനകൾ തുടങ്ങിവയിലൊന്നും പ്രതിപക്ഷ നേതാവിന് ഒരു അഭിപ്രായവുമില്ല. ഈ പ്രീണന നയം ആരെങ്കിലും തുറന്നുകാട്ടിയാൽ അദ്ദേഹം ക്രുദ്ധനാകും. കുടുംബാംഗങ്ങളെ അടക്കം ആക്ഷേപിക്കും.
പി ടി ചാക്കോ മുതൽ രമേശ് ചെന്നിത്തലവരെ മുൻ പ്രതിപക്ഷ നേതാക്കൾക്കെതിരെയും വി ഡി സതീശൻ പലതവണ അധിക്ഷേപം ചൊരിഞ്ഞു. പി ടി ചാക്കോ, ഇ എം എസ് നമ്പൂതിരിപ്പാട്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി, എ കെ ആന്റണി മുതൽ രമേശ് ചെന്നിത്തലവരെയുള്ളവർ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്.
ഇവരുടെ ശ്രേണിയിൽപ്പെട്ട ഒരാളല്ല താനെന്നാണ് സതീശന്റെ അധിക്ഷേപം. അവരെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവർത്തിക്കുന്ന രീതിയിലല്ല താൻ പ്രവർത്തിക്കുന്നത്. ‘സ്‌പോൺസേർഡ് സീരിയലിൽ അല്ല തന്റെ പ്രവർത്തന’മെന്നും വാർത്താ സമ്മേളനത്തിൽ അധിക്ഷേപിച്ചത് ആരും മറന്നിട്ടില്ല , മറക്കാൻ സമയമായിട്ടില്ല .
അതുപോലെ കഴിഞ്ഞദിവസം നിയമസഭയിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടതായി സതീശൻ സമ്മതിച്ചു . ‘‘പ്രതിപക്ഷ പ്രതിഷേധം പുറത്തു കാണിക്കുന്നില്ല. പ്രതിപക്ഷ നേതാവായ താൻ സംസാരിക്കുമ്പോൾപ്പോലും മന്ത്രിമാരുടെ മുഖമാണ് കാണിക്കുന്നത്. അപ്പോൾ പ്രതിഷേധം ജനങ്ങളിലെത്തിക്കാൻ ഞങ്ങളുടേതായ രീതി സ്വീകരിക്കുമെന്നാണ് ’’ സതീശൻ പറഞ്ഞത് .
എന്നാൽ, സഭയ്ക്കുള്ളിലെ സംഭവങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് മാധ്യങ്ങൾക്ക് നൽകുന്നത് ശരിയല്ലെന്നും പ്രതിപക്ഷം ജാഗ്രത കാണിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ താക്കീത് നൽകി . ചരിത്രത്തിൽ ആദ്യമായി മോക് സ്പീക്കറും മുഖ്യമന്ത്രിയെയുമൊക്കെ അവതരിപ്പിച്ചായിരുന്നു കഴിഞ്ഞദിവസം പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ പ്രതിഷേധിച്ചത്. പ്രതിഷേധിക്കണം , പ്രതിഷേധിക്കണ്ടായെന്ന് ആരും പറയില്ല .
അത് മൊബൈലിൽ ചിത്രീകരിച്ച് പുറത്തെത്തിച്ചത് അംഗീകരിക്കാനാകില്ല. മൊബൈൽ ഫോണിലെ റെക്കോഡിങ് തടയാനുള്ള സംവിധാനംപോലും നിലവിലുണ്ട്. അത്തരം കാര്യങ്ങളിലേക്ക് പോയിട്ടില്ല.
അതേസമയം, പ്രതിപക്ഷ പ്രതിഷേധമടക്കമുള്ള ദൃശ്യങ്ങളും സഭാ ടിവിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംപ്രേഷണം ചെയ്‌തിരുന്നു. സ്പീക്കറുടെ മുഖംമറച്ച് ബാനർ പിടിച്ചതും പ്ലക്കാർഡുകളുമായി ഡയസിലേക്ക് വലിഞ്ഞുകയറുന്നതുമെല്ലാം ജനങ്ങൾ ലൈവായി കണ്ടിരുന്നു.