കൊച്ചി: ബ്രഹ്മപുരത്തെ തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പുറത്ത്. കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴ അടയ്ക്കണം. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. തീപിടുത്തത്തിന്റെ ഇരകളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു പരിഹാര നടപടികൾക്ക് ഈ തുക ഉപയോഗിക്കണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ ക്രിമിനൽ നടപടി കൈക്കൊള്ളണം. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സർക്കാർ ഏറ്റെടുക്കുന്നില്ലന്ന് എൻ ജി ടി ചോദിച്ചിട്ടുണ്ട്. മാരകമായ അളവിൽ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാർത്ഥങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണൽ ഭാവിയിൽ സുഖമമായി പ്രവർത്തിക്കുന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് കൊച്ചിയിൽ മാലിന്യ സംസ്കരണത്തിൽ തുടർച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവിൽ വിമർശനമുണ്ട്.
അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവും ട്രൈബ്യൂണലിന് മുമ്പാകെ ഓൺലൈൻ വഴി ഹാജരായിരുന്നു. തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണ്, ഇതിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്നും ഈടാക്കുമെന്നും ജസ്റ്റിസ് എകെ ഗോയൽ മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടികളെ കുറിച്ചും ഭാവി പദ്ധതികളെ സംബന്ധിച്ചും വിശദമായ സത്യവാങ്മൂലം ട്രൈബ്യൂണലിന് സംസ്ഥാനം സമർപ്പിച്ചിരുന്നു.