വന്യമൃഗശല്യത്തിനെതിരേ വര്‍ഷങ്ങളായി പൊരുതുന്ന ജനതയാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ വടക്കനാട്ടുകാര്‍. ആനയിറങ്ങി കൃഷിനശിപ്പിക്കല്‍ പതിവായതോടെ നാട്ടുകാര്‍ ഒന്നടങ്കം സമരത്തിനിറങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. അങ്ങനെ നാലുവര്‍ഷം മുന്‍പ് ഇരുപത് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ വടക്കനാട്ടെ ഏഴായിരത്തിയഞ്ഞൂറോളം വരുന്ന ആളുകള്‍ക്ക് അന്നത്തെ വനംമന്ത്രി നല്‍കിയ വാഗ്ദാനമായിരുന്നു കാട്ടാനയെ പ്രതിരോധിക്കാനുള്ള ഫലപ്രദ സംവിധാനമായ ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ്. പക്ഷേ, ആ പദ്ധതിയിതുവരെ വടക്കനാടിന്റെ മണ്ണ് തൊട്ടില്ല. എല്ലാദിവസവും ആനയിറങ്ങി കൃഷി നശിപ്പിക്കുന്നു. ജനം ഒന്നുംചെയ്യാനാവാത്ത അവസ്ഥയില്‍ നോക്കിനില്‍ക്കുന്നു. വനംവകുപ്പാണ് അവസാനഘട്ടത്തില്‍ എല്ലാം അട്ടിമറിച്ചതെന്നാണ് നൂല്‍പ്പുഴ പഞ്ചായത്തംഗമായ ബെന്നി കൈനിക്കല്‍ പറയുന്നത്. ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നുവരെ ആനയെത്തി കൃഷിയിടത്തിലേക്കിറങ്ങുന്ന സ്ഥലമാണ് വടക്കനാട്.
മുതുമല, ബന്ദിപ്പുര്‍ വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ തോട്ടാമൂലയിലും വടക്കനാട്ടെ മൂന്നുവാര്‍ഡുകളിലുമായി നാലര കിലോമീറ്ററിലും ക്രാഷ്ഗാര്‍ഡ് ഫെന്‍സിങ്ങിന് ടെന്‍ഡര്‍ നല്‍കി കരാറുറപ്പിച്ചശേഷമാണ് അനുയോജ്യമല്ലെന്നു പറഞ്ഞ് പദ്ധതി റദ്ദാക്കിയത്. വടക്കനാട് നാലരക്കോടിയും തോട്ടമൂലയില്‍ ആറരക്കോടിയുമായിരുന്നു കിഫ്ബിയില്‍നിന്ന് വകയിരുത്തിയത്.