പന്നിയും കാലാവസ്ഥയുമൊന്നും പ്രശ്നമേ അല്ല, കള പറിക്കലും വളമിടലും മരുന്നടിയും ഒന്നും വേണ്ട; നട്ട് രണ്ടാം വർഷം മുതൽ നൂറ് മേനി വിളവ് ഉറപ്പ്, വരുമാനം ലക്ഷങ്ങൾ….!
കൃഷി പലതും പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് സ്വന്തമായി നട്ടുവളർത്തി വികസിപ്പിച്ചെടുത്ത കശുമാവിന് കാഷ്യു കിംഗ് എന്ന പേര് നൽകിയതോടെയാണ് ജിജുവിന്റെ സ്വപ്നങ്ങൾ പൂത്തുതുടങ്ങിയത്. ഏതു പ്രതികൂല കാലാവസ്ഥയിലും നൂറ് മേനി വിളഞ്ഞ് ലക്ഷങ്ങൾ വരുമാനം നൽകുന്ന കാഷ്യു കിംഗ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലും താരമാണ്. കേളകം അടയ്ക്കാത്തോട്ടിലെ ജിജുവിന്റെ കാഷ്യു കിംഗിനെ തേടി കടൽ കടന്നും ആളുകളെത്തുകയാണ്.
ദക്ഷിണാഫ്രിക്കയിലെ മലയാളികളുടെ കൃഷിയിടത്തിലേക്ക് ചേക്കേറുകയാണ് ഈ അപൂർവ്വ കശുമാവ്. മറ്റിനം കശുമാവുകൾ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കുറയുകയും, കൃഷികരിഞ്ഞുണങ്ങുകയും ചെയ്യുമ്പോൾ കർഷകർക്ക് വാഗ്ദാനമായി മാറുകയാണ് കാഷ്യു കിംഗ്.അടക്കാത്തോട്ടിലെ ജിജു പടിയക്കണ്ടത്തിൽ കൃഷിയിൽ മത്സരിക്കുകയായിരുന്നു. പലതും നഷ്ടത്തിലായതോടെയാണ് വളവും പരിചരണവും അധികം വേണ്ടാത്ത കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ഒരു ഏക്കറിലെ കൃഷിയിൽ മൂന്ന് ലക്ഷത്തോളം വരുമാനമുണ്ട് ജിജുവിന്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കർണാടക, ഗോവ എന്നിവിടങ്ങളിലേക്കും കശുഅണ്ടിക്കും ഇവയുടെ തൈകൾക്കും നല്ല ഡിമാൻഡാണ്.ജിജു തയ്യാറാക്കിയ കാഷ്യു കിംഗ് കർഷകർക്ക് വലിയ പ്രതീക്ഷയാണ്. വിളവെടുപ്പ് കാലത്ത് മറ്റ് കശുമാവുകളുടെ രാജാവായാണ് കാഷ്യു കിംഗ് ജിജുവിന്റെ പറമ്പിൽ കായ്ചുനിൽക്കുന്നത്.