പ്രകൃതിയെ ഹരിതാഭമാക്കുന്ന ചെറു സസ്യജാലങ്ങളെ ചില്ലുഭരണിയിലാക്കുകയാണ് വെണ്ണിക്കുളം താഴത്തേക്കൂറ്റ് ജിന്‍സി വര്‍ഗീസ്. വഴിയില്‍ ചവിട്ടിയരച്ച് കടന്നുപോകുന്ന പായലും പന്നലും മുക്കുറ്റിയുമൊക്കെ കണ്ണാടിക്കാഴ്ചയില്‍ പുതിയ രൂപഭാവങ്ങളിലേക്ക് മുഖം മാറുന്നു. ഇത് ‘ടെറാറിയം’- മേശപ്പുറങ്ങള്‍ക്ക് അലങ്കാരമാകുന്ന സൂക്ഷ്മവനം.
ഒരിക്കല്‍ നട്ടാല്‍ പിന്നെ വെള്ളമൊഴിക്കാന്‍പോലും തുറക്കേണ്ടാത്ത ചെറു പച്ചത്തുരുത്തുകള്‍. ബാഷ്പീകരണവും സാന്ദ്രീകരണവുമൊക്കെയുള്ള ചാക്രിക പ്രവര്‍ത്തനം സംഭവിക്കുന്നതിനാല്‍ തനതായ ആവാസവ്യവസ്ഥ തന്നെയാണ് ഈ ചില്ലുകൂടിനുള്ളില്‍ ഒരുങ്ങുക. ചട്ടികളില്‍ വളര്‍ത്തുന്ന ചെടികളുടെ അത്രപോലും പരിചരണം ആവശ്യമില്ലെന്നതാണ് ടെറാറിയത്തിന്റെ പ്രത്യേകത. ‘ഒന്നുപച്ചപിടിച്ചുകഴിഞ്ഞാല്‍ കാര്യമായ ശ്രദ്ധയില്ലാതെതന്നെ മുന്നോട്ടു പൊയ്‌ക്കോളും. കൃത്യമായ വെളിച്ചം മാത്രം ഉറപ്പാക്കിയാല്‍ മതി’-ജിന്‍സി പറയുന്നു.
ഇംഗ്ലീഷ് ഡോക്ടറായ നഥനിയേല്‍ ബോഗ്ഷാ വാര്‍ഡ് ആണ് ആദ്യമായി ടെറാറിയം നിര്‍മിച്ചതെന്ന് ചരിത്രം. 1842-ലായിരുന്നു അത്. ഫേണ്‍, മോസ് തുടങ്ങി ഉഷ്ണമേഖലാ സസ്യങ്ങളാണ് ടെറാറിയങ്ങള്‍ക്ക് അനുയോജ്യം. സ്പ്രിങ്ടെയില്‍സ്, ഐസോപോഡ്‌സ് തുടങ്ങിയ ചെറുജീവികളെയും നിക്ഷേപിക്കാറുണ്ട്. ഫംഗസ്, അമിതമായ ചൂട് തുടങ്ങി ടെറാറിയങ്ങളെ പ്രതികൂലമായി ബാധിക്കാവുന്ന ഘടകങ്ങള്‍ ഏറെയാണ്.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത, മൂന്നിഞ്ചുമുതല്‍ ഒരടിക്കുമേല്‍വരെ ഉയരം വരുന്ന ചില്ലുകുപ്പികളിലാണ് ജിന്‍സി ടെറാറിയങ്ങള്‍ തീര്‍ക്കുന്നത്. ഭരണിക്കുള്ളില്‍ ആദ്യം കല്ലുകള്‍ നിരത്തും. മുകളില്‍ ദ്വാരങ്ങളിട്ട പ്ലാസ്റ്റിക് കടലാസ് വിരിക്കും. മാര്‍ബിള്‍ കഷണങ്ങളും ചാര്‍ക്കോളും പ്രത്യേകം തയ്യാറാക്കിയ കൊക്കോപിത്ത് ചേര്‍ത്ത മണ്ണും ഒക്കെ നിരത്തിയ ശേഷമാണ് ചെറു ചെടികള്‍ നടുക.