ഉത്തർപ്രദേശിൽ ഒമ്പതുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ, വിധിയെ സ്വാഗതം ചെയ്ത ജനങ്ങൾ….!

ലഖ്നൗ: യുപി യിൽ ഒമ്പത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ​ഗാസിയാബാദ് പോക്സോ കോടതിയാണ് മോദിന​ഗർ സ്വദേശിയായ പ്രതിക്ക് ശിക്ഷ വിധിച്ചത്.

2022 ആ​ഗസ്റ്റ് 18നാണ് മോദിന​ഗർ ​ഗ്രാമത്തിൽ പെൺകുട്ടിയെ ക്രൂര ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ നാട്ടുകാരനായ ആളാണ് പ്രതിയെന്ന് തിരിച്ചറിയുകയും ബലാത്സം​ഗ, കൊലപാതക കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

തുടർന്ന് അറസ്റ്റിലായ പ്രതി, കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആ​ഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു. ഐപിസി 302, 363, 376 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തുടർന്ന് ബുധനാഴ്ച കോടതി ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, പ്രതിയുടെ പേര് പുറത്തുവിടാൻ പൊലീസ് തയാറായില്ല.

നേരത്തെ ഫെബ്രുവരി ഒമ്പതിന്, ഗാസിയാബാദിലെ പോക്‌സോ കോടതി ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഒരാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

Leave A Reply